തിരുവനന്തപുരം: പാർട്ടിയിൽ സമഗ്രമായ പുനഃസംഘടന നടത്താൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചുമതലപ്പെടുത്തി. അടുത്ത തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള സംഘടനാപ്രവർത്തനം താഴേതട്ട് മുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. പുനഃസംഘടനയിൽ ജംബോ കമ്മിറ്റികൾ പാടില്ലെന്നും യോഗം നിർദ്ദേശിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പുനഃസംഘടനാ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. കെ.പി.സി.സിയിലും പാർട്ടിയുടെ താഴേതട്ടുകളിലും സമഗ്രമായ അഴിച്ചുപണി ഉണ്ടാവും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയമുണ്ടാകുമെങ്കിലും അത് കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിലെ മികവുകൊണ്ടോ പാർട്ടിയുടെ ശക്തി കൊണ്ടോ ആകില്ലെന്നാണ് രാഷ്ട്രീയകാര്യസമിതിയുടെ വിലയിരുത്തൽ. പ്രത്യേകമായ രാഷ്ട്രീയസാഹചര്യമാണ് ഇക്കുറി ഉണ്ടായിരുന്നത്. 20 സീറ്റുകളിലും യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രതീക്ഷ. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങൾ ഒരുപോലെ യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് അതേ നിലയിൽ മുന്നോട്ട് പോകണമെന്നില്ല. ഇത് കണക്കാക്കി വേണം സംഘടനാപ്രവർത്തനം.
ശബരിമല വിഷയത്തിൽ ഭൂരിപക്ഷസമുദായങ്ങളും മോദി ഭീതിയിൽ ന്യൂനപക്ഷസമുദായങ്ങളും യു.ഡി.എഫിനൊപ്പം അണിനിരന്നു. അവരെ വിശ്വാസത്തിലെടുത്ത് തുടർന്നും പോകണം. പാർട്ടി പുനഃസംഘടനയിലും സാമുദായിക സന്തുലിതാവസ്ഥ നിലനിറുത്തണം. വെറും ഗ്രൂപ്പടിസ്ഥാനത്തിലാവാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സമിതികൾ ഉണ്ടാവണം. പ്രവർത്തനമികവ് കണക്കാക്കി വേണം കമ്മിറ്റിയംഗങ്ങളെ നിശ്ചയിക്കാൻ. പുനഃസംഘടന സംബന്ധിച്ച മാനദണ്ഡങ്ങൾ പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കും.
ഇരുപതിലും ജയപ്രതീക്ഷയാണെങ്കിലും പത്തൊൻപത് സീറ്റുകളിൽ ജയമുറപ്പാണ്. കോൺഗ്രസ് മത്സരിച്ച പതിനാറിൽ പതിനഞ്ചിടത്തും വിജയിക്കും. തൃശൂർ മണ്ഡലത്തെക്കുറിച്ച് രാവിലത്തെ ഭാരവാഹിയോഗത്തിൽ ടി.എൻ. പ്രതാപൻ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കുറച്ച് ഭൂരിപക്ഷവോട്ടുകൾ പോയാലും ന്യൂനപക്ഷവോട്ടുകൾ നല്ലപോലെ അവിടെ ലഭിക്കും. ഫലപ്രഖ്യാപനത്തിനുശേഷം വിശദമായ അവലോകനം നടത്തും. കള്ളവോട്ടുകൾക്കും വോട്ടുകൾ വെട്ടിമാറ്റിയതിനെതിരെയും കർശനനടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.