election-2019

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ചട്ടവിരുദ്ധമായി ശേഖരിച്ച് വോട്ടു ചെയ്‌തതിനെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും.

ബാലറ്റുകൾക്ക് അപേക്ഷിച്ച നിരവധി പൊലീസുകാർ ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. ഇവർ 20-നു ശേഷമേ തിരിച്ചെത്തൂ. എല്ലാവരുടെയും മൊഴിയെടുക്കാതെ അന്വേഷണം പൂർത്തിയാക്കാനാവില്ല. ഇന്ന് റിപ്പോർട്ട് നൽകാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശം. ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

ക്രമക്കേടിൽ പൊലീസ് അസോസിയേഷന്റെ പങ്ക് ആഴത്തിലും വിശദമായും പരിശോധിക്കാനും മീണ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആരും പരാതിപ്പെടാനോ അസോസിയേഷന്റെ പങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങൾ നൽകാനോ തയ്യാറാകുന്നില്ല. പ്രതികാര നടപടി ഭയന്ന് പൊലീസുകാർ മൊഴിനൽകാതെ മാറി നിൽക്കുകയാണ്. കാസർകോട് ബേക്കൽ സ്‌​റ്റേഷനിലെ പൊലീസുകാർ മാത്രമാണ് പരാതിപ്പെട്ടത്.

സസ്‌പെൻഷനിലായ കമാൻഡോ വൈശാഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ആരോപണവിധേയരായ മ​റ്റുള്ളവരിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും വീണ്ടും തപാൽ വോട്ടുകൾ വിതരണം ചെയ്ത് വോട്ടിംഗ് നടത്താനോ നിലവിലെ വോട്ടുകൾ എണ്ണാതിരിക്കാനോ ഉള്ള സാദ്ധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

എല്ലാ വകുപ്പുകളുടെയും ബാലറ്റുകൾക്കിടയിൽ നിന്ന് പൊലീസിന്റെ മാത്രം ബാലറ്റുകൾ കണ്ടെടുക്കുക ശ്രമകരമാണ്. ഇതു സംബന്ധിച്ച് കോടതിയിൽ നിന്ന് എന്തെങ്കിലും ഉത്തരവുണ്ടായാൽ അത് നടപ്പാക്കും.