തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വോട്ടു ചെയ്യുന്നതിന് ഡൽഹി പൊലീസ് നടപ്പാക്കിയ ഫെസിലിറ്റേഷൻ സെന്റർ സൗകര്യം സംസ്ഥാന പൊലീസ് നേതൃത്വം അവഗണിച്ചതാണ് ക്രമക്കേടിനു വഴിയൊരുക്കിയതെന്ന് ആക്ഷേപം.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള പൊലീസുകാർക്ക് പോസ്റ്റൽ വോട്ട് നിക്ഷേപിക്കാൻ ഫെസിലിറ്റേഷൻ സൗകര്യം ഏർപ്പെടുത്തി പൊലീസ് മേധാവി ഉത്തരവിറക്കിയിരുന്നു. സമാനമായ സൗകര്യം ജില്ലാ കളക്ടറേറ്റുകളിൽ ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
ഡൽഹിയിൽ ഏഴു മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ നിയോജക മണ്ഡലത്തിനും പ്രത്യേകം ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നു. കേരളത്തിലാകട്ടെ വിതരണം ചെയ്ത ബാലറ്റുകൾ തിരികെ വാങ്ങി വരണാധികാരിക്കു കൈമാറുന്നതിന് നോഡൽ ഓഫീസർമാരെ നിയോഗിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നെങ്കിലും അത് നിയമപരമാണെന്നായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ വിശദീകരണം.
പിന്നീട് അസോസിയേഷൻ നേതാക്കൾ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ കൈക്കലാക്കുന്നതായി പരാതിയുണ്ടായിട്ടും ഡി.ജി.പി അനങ്ങിയില്ല. ഒടുവിൽ ബാലറ്റുകൾ നൽകാൻ ആവശ്യപ്പെട്ട് ഇന്ത്യാ റിസർവ് ബറ്റാലിയനിലെ കമാൻഡോ വാട്സ്ആപ്പിൽ അയച്ച ശബ്‌ദസന്ദേശം പുറത്തായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വൻ ക്രമക്കേട് നടന്നതായി ഇന്റലിജൻസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.