marayamuttom-suicide
marayamuttom suicide

തിരുവനന്തപുരം: ബാങ്ക് ജപ്തി ഭയന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കളക്ടറോട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റിപ്പോർട്ട് തേടി. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നിലപാട്. പ്രളയത്തിന്റെ സാഹചര്യത്തിൽ അടുത്ത ഒക്ടോബർ വരെ എല്ലാ തരത്തിലുള്ള ജപ്തിനടപടികളും നിറുത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ എങ്ങനെയാണ് വീടും പറമ്പും ജപ്തി ചെയ്ത് ഏറ്റെടുക്കാൻ ബാങ്ക് ഒരുമ്പെട്ടതെന്നാണ് അന്വേഷിക്കുന്നത്.

വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തരുതെന്നാണ് സർക്കാർ നയം എന്നും സംഭവത്തിൽ ബാങ്കിനോട് വിശദീകരണം തേടുമെന്നും ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. പ്രളയസാഹചര്യത്തിൽ ജപ്തി ചെയ്യരുത്. സാവകാശം നൽകണം. എന്നാൽ, സ്ഥലം എം.എൽ.എ ഇടപെട്ടിട്ടുപോലും ജപ്തിനടപടികളുമായി ബാങ്ക് മുന്നോട്ടു പോയെന്നാണ് അറിയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി ഐസക് പറഞ്ഞു.