bank
ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധം

തിരുവനന്തപുരം : മഞ്ചവിളാകം മലയിൽക്കടയിൽ നാടിനെ ഞെട്ടിച്ച ദാരുണാന്ത്യത്തിന് കാരണം ബാങ്ക് അധികൃതരുടെ നിരന്തര മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇക്കഴിഞ്ഞ 10ന് മാരായമുട്ടം പൊലീസിന്റെ സഹായത്തോടെ കനറാ ബാങ്ക് അധികൃതർ ചന്ദ്രന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു. 13ന് ജപ്തി നടത്തുമെന്ന് ബാങ്ക് അധികൃതർ വീട്ടുകാരെ അറിയിച്ച ശേഷമാണ് മടങ്ങിയത്. ഇതോടെ വീട് 24 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ബാലരാമപുരത്തുള്ള ഒരാളുമായി കരാർ എഴുതി. അദ്ദേഹം അഡ്വാൻസ് നൽകുന്ന മുറയ്ക്ക് ബാങ്കിലെ കടം തീർത്തു കൊള്ളാമെന്ന് ചന്ദ്രൻ ഉറപ്പും നൽകിയിരുന്നു. ഗൾഫിൽ നിന്നു തിരികെയെത്തിയ ചന്ദ്രൻ നാട്ടിൽ ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാത്തതിൽ ഭാര്യയും മകളും അതീവദുഃഖിതരായിരുന്നുവെന്നും ഇതിനെക്കാൾ നല്ലത് മരണമാണെന്ന് മകൾ പലപ്രാവശ്യം പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ റിക്കവറി നടപടികൾ നിറുത്തിവയ്ക്കണമെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബാങ്കിന്റെ നടപടി. ബാങ്കിന്റെ കിരാത നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.അതേസമയം വായ്പാ തുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് ചന്ദ്രൻ ജില്ലാ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നതായും അതിന് ശേഷം ബാങ്കിൽ നിന്നു മറ്റ് നടപടികൾ ഉണ്ടായില്ലെന്നുമാണ് ബാങ്ക് മാനേജർ ശശികലാമണി രാമകൃഷ്ണൻ പറയുന്നത്.


ബാങ്കിന് നേരെ ആക്രമണം
നെയ്യാറ്റിൻകര:കനറാ ബാങ്കിന്റെ നെയ്യാറ്റികര ശാഖയ്ക്ക് നേരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായി. കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തിൽ ഇന്നലെ സന്ധ്യയോടെയായിരുന്നു ആക്രമണം. ബാങ്കിന്റെ മുൻവശത്തെ ജനാലകൾ തകർന്നു. പൊലീസെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അവധിയിലായതിനാൽ നെടുമങ്ങാട് ഡിവൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാമെന്ന് ഉറപ്പു നൽകി. ചർച്ചയിൽ മാരായമുട്ടം സുരേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, മഞ്ചത്തല സുരേഷ്, ജോസഫ് ഫ്രാങ്ക്ലിൻ, ഗ്രാമം പ്രവീൺ, സജിൻലാൽ തുടങ്ങിയവർ പങ്കെടുത്തു.


കേസെടുക്കണം: ആനാവൂർ നാഗപ്പൻ
നെയ്യാറ്റിൻകര:ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കാ​റ്റിൽ പറത്തിയാണ് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.