തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ പരീക്ഷാ മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മുന്നൂറോളം സർക്കാർ, എയ്ഡഡ് കോളേജ് അദ്ധ്യാപകർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശചെയ്യാൻ ചൊവ്വാഴ്ച ചേർന്ന സർവകലാശാല സിൻഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതി തീരുമാനിച്ചു.
ചേർത്തല, പന്തളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മൂല്യനിർണയത്തിൽ നിന്നാണ് അദ്ധ്യാപകർ കൂട്ടത്തോടെ വിട്ടുനിൽക്കുന്നത്. തിരുവനന്തപുരത്തെ മൂല്യനിർണയ ക്യാമ്പുകളിലാണ് കൂടുതൽ പേർ ഹാജരാകാതിരിക്കുന്നത്. ഇവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് വകുപ്പുതല നടപടിക്കായി സർക്കാരിന് ശുപാർശ നൽകുന്നതെന്ന് ഉപസമിതി കൺവീനർ പറഞ്ഞു. അദ്ധ്യാപകരെ മൂല്യനിർണയത്തിന് നിയോഗിച്ചിട്ടും വിട്ടുനൽകാത്ത സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകൾക്ക് പിഴ ചുമത്താനും തീരുമാനമുണ്ട്.
ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളുടെ ക്യാമ്പിലാണ് കൂടുതലായി അദ്ധ്യാപകർ ഹാജരാകാത്തത്. മേയ് എട്ടിന് തുടങ്ങിയ ക്യാമ്പുകൾ മൂല്യനിർണയം പൂർത്തിയാക്കി 20ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അദ്ധ്യാപകർ കൂട്ടത്തോടെ വിട്ടുനിന്നതോടെ മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാനാവാത്ത അവസ്ഥയിലായി. മറ്റ് സർവകലാശാലകളെല്ലാം അവസാന സെമസ്റ്റർ ബിരുദഫലം പ്രസിദ്ധീകരിച്ചിട്ടും കേരള സർവകലാശാലയിൽ മൂല്യനിർണയം പൂർത്തിയാക്കാനായിട്ടില്ല. വിദ്യാർത്ഥി സമരം കാരണം പരീക്ഷ മാറ്റിവച്ചതും തിരിച്ചടിയായി. ഏപ്രിൽ 29നാണ് ആറാം സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കാനായത്. ആറുമാസം ദൈർഘ്യമുള്ള സെമസ്റ്റർ രണ്ടരമാസം കൊണ്ട് തീർത്ത് പരീക്ഷ നടത്താനുള്ള സർവകലാശാലയുടെ ശ്രമത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെയാണ് പരീക്ഷകൾ നീട്ടേണ്ടിവന്നത്. ആറാം സെമസ്റ്ററിൽ പരാജയപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് ഒരുവർഷം നഷ്ടമാവും. ഓരോ വിഷയത്തിനും 72മണിക്കൂർ പഠിക്കാനുള്ള സിലബസാണ് സർവകലാശാല അനുവദിച്ചിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുത്തിട്ടും 30മണിക്കൂർ പോലും മിക്ക വിഷയങ്ങളും പഠിപ്പിക്കാനായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.