election-2019

പോസ്റ്റ് ബാലറ്റ് ക്രമക്കേട് അന്വേഷണം

അട്ടിമറിക്കാൻ നീക്കം

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി പൊലീസുകാരിൽ നിന്ന് സത്യവാങ്മൂലം വാങ്ങിത്തുടങ്ങി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം.

തങ്ങൾക്കു പരാതിയില്ലെന്നും പോസ്റ്റൽ ബാലറ്റ് വിതരണം കാര്യക്ഷമമായാണ് നടന്നതെന്നുമാണ് പൊലീസുകാരിൽ നിന്ന് എഴുതി വാങ്ങുന്നത്. പൊലീസിലെ രണ്ട് സംഘടനാ നേതാക്കളാണ് ഈ നീക്കത്തിനു പിന്നിൽ. പൊലീസ് സ്റ്റേഷനുകളിലും സ്‌പെഷ്യൽ യൂണിറ്റിലും ഉൾപ്പെടെ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ച പൊലീസുകാരിൽ നിന്നാണ് സത്യവാങ്മൂലം വാങ്ങുന്നത്.

ആലപ്പുഴ ജില്ലയിലെ സ്പെഷ്യൽ യൂണിറ്റുകളിൽ കഴിഞ്ഞദിവസം ഇത്തരത്തിൽ സത്യവാങ്മൂലം എഴുതിവാങ്ങി. മറ്റ് പൊലീസ് ജില്ലകളിൽ വരുംദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് സൂചന. ''ഞാൻ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നു. അപേക്ഷയിൽ ആവശ്യപ്പെട്ട അതേ വിലാസത്തിലാണ് ബാലറ്റ് ലഭ്യമായത്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ എനിക്ക് ആരുടെയും സമ്മർദ്ദമുണ്ടായിട്ടില്ല. എന്നെ ആരും സ്വാധീനിച്ചിട്ടില്ല. സ്വതന്ത്രമായാണ് ഞാൻ വോട്ടവകാശം വിനിയോഗിച്ചത് ''. ഇങ്ങനെയാണ് സത്യവാങ്മൂലം. പൊലീസുകാരുടെ പേരും തസ്തികയും രേഖപ്പെടുത്തി മേലധികാരികൾക്ക് ഇത് സമർപ്പിക്കുന്നുണ്ട്.

ഔദ്യോഗിക നടപടിയെന്ന മട്ടിൽ ഓരോ യൂണിറ്റിലെയും മേലധികാരിയും സ്റ്റേഷനുകളിലെ റൈറ്റർമാരും ചേർന്നാണ് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് തെളിവായി സമർപ്പിക്കാനും ഇത് ഉപയോഗിച്ചേക്കാനിടയുണ്ടെന്ന് പൊലീസുകാർ പറയുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ്.പി സുദർശനനും സംഘവുമാണ് അന്വേഷണം നടത്തുന്നത്.