തിരുവനന്തപുരം : '' ഉള്ളതെല്ലാം വിറ്റുപെറുക്കിയാലും ലോൺ അടച്ചുതീർക്കാമെന്ന് ഞാൻ മാനേജരോട് പറഞ്ഞിരുന്നതാ സാറേ .. ഒരല്പം കൂടി സമയം തന്നിരുന്നെങ്കിൽ എനിക്ക് എന്റെ മകളെയും ഭാര്യയെയും നഷ്ടപ്പെടില്ലായിരുന്നു, ഞാൻ ഇനി എന്തിനാണ് ജീവിക്കുന്നത് ''- മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്ക് മുന്നിൽ ചന്ദ്രൻ പൊട്ടിക്കരഞ്ഞു.
കനറാ ബാങ്കിൽ നിന്ന് ലോൺ കുടിശിക തിരിച്ചടയ്ക്കണമെന്ന നോട്ടീസ് വന്നപ്പോൾ ചന്ദ്രൻ ആദ്യം സമീപിച്ചത് കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനെയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വഴി സി.കെ. ഹരീന്ദ്രൻ എം.എൽ.എയെ കണ്ടു. ജപ്‌തി നടപടി നിറുത്തി വയ്ക്കണമെന്നും കുടിശിക അടച്ചുതീർക്കാൻ കാലതാമസം അനുവദിക്കണമെന്നും എം.എൽ.എ കനറാ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച ബാങ്ക് മാനേജരും സംഘവും വീട്ടിലെത്തി അഞ്ചു ദിവസത്തിനകം ലോൺ അടച്ചുതീർത്തില്ലെങ്കിൽ ജപ്‌തി ചെയ്യുമെന്ന് അറിയിച്ചു. വായ്പ തന്റെ പേരിലാണെങ്കിലും അഞ്ചു ദിവസത്തിനകം കുടിശിക അടച്ചുതീർക്കാമെന്ന് ലേഖയുടെ കൈയിൽ നിന്നു സമ്മതപത്രം മാനേജർ എഴുതിവാങ്ങിയതായി ചന്ദ്രൻ പറഞ്ഞു. വീട് ജപ്തി ചെയ്താൽ തങ്ങൾ പിന്നെ ജീവിച്ചിരിക്കില്ലെന്ന് മാനേജരുടെ മുന്നിൽ വച്ച് ലേഖ പറയുകയും ചെയ്തിരുന്നു. പക്ഷേ നീട്ടിക്കിട്ടിയ അഞ്ചുദിവസം തികഞ്ഞ ഇന്നലെ ഉച്ചയോടെ ജപ്തിചെയ്യാൻ വരുന്നതായി ബാങ്കിൽ നിന്നു ഫോൺ ചെയ്തതോടെയാണ് രണ്ടുപേരും ആത്മഹത്യ ചെയ്‌തതെന്ന് ചന്ദ്രൻ വിങ്ങിപ്പൊട്ടി പറഞ്ഞു. ''പത്തര സെന്റ് സ്ഥലവും 1500 സ്‌ക്വയർ ഫീറ്റ് വീടുമാണുള്ളത്. അതു വിറ്റാൽ എനിക്ക് ബാങ്കിൽ അടയ്ക്കാനുള്ള തുക പോയിട്ട് എന്റെ മോളെ പഠിപ്പിക്കാനുള്ള പണവും കിട്ടുമായിരുന്നു, ഡോക്ടറാവാൻ കൊതിച്ചതാ എന്റെ മോള്, എന്റെ ഭാര്യയും ഏക മകളും പോയി, ഞാൻ ഇനി എന്തിനാ ജീവിക്കണത് സാറെ.....''ചന്ദ്രനെ ആശ്വസിപ്പിക്കാൻ കൂടെനിന്നവർക്കും കഴിഞ്ഞില്ല. സി. ദിവാകരൻ എം.എൽ.എയും ആശുപത്രിയിലെത്തി ചന്ദ്രനെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ബാങ്കിനെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.