fake-dr-selfi

ഉള്ളൂർ: മെഡിക്കൽ കോളേജിൽ അതിക്രമിച്ച് കയറി വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളെ പരിശോധിക്കാൻ ശ്രമിച്ച മാനസിക വിഭ്രാന്തിയുള്ള യുവാവിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ സൈക്യാട്രി വിഭാഗത്തിലെത്തിയ ഇയാൾ സർജറി ഡോക്ടറാണെന്ന് പറഞ്ഞ് രോഗിയെ പരിശോധിക്കാൻ ശ്രമിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു. വിവരം അറിയിച്ചതോടെ പൊലീസെത്തി ചോദ്യം ചെയ്‌തെങ്കിലും ഡോക്ടറാണെന്നും ഐ.ഡി കാർഡ് എടുക്കാൻ മറന്നതാണെന്നും പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു ഡോക്ടർ സർജറി വിഭാഗത്തിൽ ഇല്ലെന്ന് മനസിലായതോടെയാണ് കസ്റ്റഡിയിലെടുത്തത്. പേരൂർക്കട സ്വദേശിയായ ഇയാൾ മെഡിക്കൽ കോളേജിലെ മുൻ നഴ്സിംഗ് വിദ്യാർത്ഥിയാണെന്നും പറയുന്നു. പേരൂർക്കട മാനസികരോഗ ആശുപത്രിയിലെ ചികിത്സാ രേഖകൾ ഹാജരാക്കിയതോടെ ഇയാളെ ബന്ധുക്കളോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു.. എന്നാൽ നിരവധി തവണ ഇയാൾ വ്യാജ ഡോക്ടർ ചമഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ച ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നുള്ള സെൽഫികളും ഇയാളുടെ മൊബൈലിൽ ഉണ്ടായിരുന്നു. ഡോക്ടർമാരുടെ വിശ്രമ മുറിയിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പിടിയിലായിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് അന്ന് കേസിൽനിന്ന് ഒഴിവായത്. ഇൗ സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കകം വീണ്ടും മാസ്കും സ്റ്റെതസ്കോപ്പുമായി മെഡിക്കൽ കോളേജിൽ എത്തുകയാണ് ചെയ്യുന്നത്.