തിരുവനന്തപുരം: ഏതൊരു സാധാരണക്കാരനയും പോലെ സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായാണ് മാരായമുട്ടം മലയിൽക്കട വൈഷ്‌ണവി ഭവനിൽ ചന്ദ്രൻ രുദ്രൻ വിദേശത്തേക്ക് വിമാനം കയറിയത്. ആറ്റുനോറ്റുണ്ടാക്കിയ ആ വീട്ടിൽ ഇനിയുള്ള ചന്ദ്രനും അമ്മ കൃഷ്‌ണമ്മയുമാണ്. ആദ്യം സൗദിയിലായിരുന്നു ചന്ദ്രന് ജോലി. മൂന്നു വർഷത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തി. അതിനുശേഷം വീണ്ടും വിദേശത്തേക്ക് പോയി. ഇത്തവണ യൂറോപ്പിലേക്കായിരുന്നു പോയത്. ഏഴ് വർഷം അവിടെ ജോലി ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് ഒരു വർഷം മുമ്പാണ് വീണ്ടും നാട്ടിലെത്തിയത്. 15 വർഷങ്ങൾക്ക് മുമ്പാണ് ചന്ദ്രൻ കനറാ ബാങ്കിന്റെ നെയ്യാറ്റിൻകരയിലെ ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോണെടുത്തത്. കൈയിലുണ്ടായിരുന്ന 12 ലക്ഷം രൂപയും കൂടിച്ചേർത്ത് കുടുംബ സ്വത്തായി കിട്ടിയ പത്തര സെന്റിൽ വീട് പണി തുടങ്ങി. രണ്ട് വർഷം കൊണ്ട് വീടുപണി ഏതാണ്ട് പൂർത്തിയാക്കി. വീടിന്റെ മുൻവശവും അകവും മാത്രമാണ് പൂശിയിട്ടുള്ളത്. മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഇല്ലാത്ത ചന്ദ്രനെ കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമാണ്. വീട് കഴിഞ്ഞ ദിവസവും ഇതേക്കുറിച്ച് പറഞ്ഞിരുന്നതായി അയൽവാസി സെബാസ്റ്റ്യൻ പറഞ്ഞു. ബാങ്കിൽനിന്ന് സമ്മർദം ഉണ്ടായതോടെ 50 ലക്ഷം രൂപയുടെ വസ്തു കുറഞ്ഞ വിലയ്ക്ക് വിറ്റ് 6.80 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചന്ദ്രനും കുടുംബവും. 45 ലക്ഷം രൂപയ്ക്ക് വീടും 10.5 സെന്റ് വസ്തുവും വില്പന നടത്താനായിരുന്നു ഉദ്ദേശം. ആരും ഈ വിലയ്ക്ക് വാങ്ങാനെത്തിയില്ല. ഒടുവിൽ 24 ലക്ഷം രൂപയ്ക്ക് ഒരാൾ വാങ്ങാനെത്തി. ചർച്ചകൾ പലതും നടന്നെങ്കിലും ഇടപാട് നടന്നില്ല. ഇന്നും ഇയാളെ വീട്ടുകാർ ബന്ധപ്പെട്ടിരുന്നു. അയൽവാസികളും ഇവർക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. നാട്ടുകാരോടും വസ്തു ബ്രോക്കർമാരോടും വസ്തു വില്പനയെക്കുറിച്ച് അയൽവാസികളും സംസാരിച്ചിരുന്നു. വീട് വാങ്ങാൻ സഹായിക്കണമെന്ന് നാട്ടുകാരിൽ പലരോടും അപേക്ഷിച്ചിരുന്നതായും സെബാസ്റ്റ്യൻ പറഞ്ഞു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും ഇതിനു അനുകൂല തീരുമാനമുണ്ടായില്ല. ബാങ്കിൽനിന്ന് സമ്മർദം ശക്തമായതോടെ കുടുംബം പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതനുസരിച്ച് ബാങ്ക് അധികൃതരെ ബന്ധപ്പെട്ട പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയ ഉറപ്പുകൾ ലംഘിച്ച് ബാങ്ക് ജപ്തി നടപടികളുമായി മന്നോട്ടപോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.