തിരുവനന്തപുരം: യൂറോപ്യൻ പര്യടനത്തിന് പിന്നാലെ ജപ്പാൻ, തെക്കൻ കൊറിയൻ പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറെടുക്കുന്നു. പര്യടനത്തിന് മുന്നോടിയായി ജപ്പാനിൽ നിന്നുള്ള വ്യവസായികളടങ്ങുന്ന സംഘം കേരളത്തിലെത്തും. ഇവരുമായി മുഖ്യമന്ത്രി ആശയസംവാദം നടത്തി കാര്യങ്ങൾ പഠിച്ചറിഞ്ഞ ശേഷമാകും പര്യടനം. ജാപ്പനീസ് സംഘത്തിന്റെ കേരളപര്യടനം പൂർത്തിയായിക്കഴിഞ്ഞേ മുഖ്യമന്ത്രിയുടെ യാത്രാതീയ്യതി സംബന്ധിച്ച തീരുമാനമുണ്ടാകൂ.
സാങ്കേതികരംഗം, ഭക്ഷ്യസംസ്കരണം, ഫിഷറീസ്, ഇലക്ട്രോണിക് ഹാർഡ്‌വെയർ, ഐ.ടി, ടൂറിസം രംഗങ്ങളിൽ ജപ്പാനുമായുള്ള സാങ്കേതികവും സാമ്പത്തികവുമായുള്ള സഹകരണമാണ് കേരളം ആഗ്രഹിക്കുന്നത്. നഗര- ഗ്രാമപ്രദേശങ്ങളിലെ വെള്ളപ്പൊക്ക നിവാരണം, വികേന്ദ്രീകൃത മാലിന്യസംസ്കരണം എന്നിവയിലുള്ള ജപ്പാൻ മാതൃകകൾ പഠിച്ച് മനസ്സിലാക്കി കേരളത്തിൽ പ്രയോജനപ്പെടുത്താനാവുമോ എന്നാണ് നോക്കുന്നത് എന്നാണ് ഇതുസംബന്ധിച്ച് ആസൂത്രണ- സാമ്പത്തിക കാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നത്. കേരളവും ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷിതാല്പര്യമുള്ള മേഖലകളിൽ കൂടുതൽ സഹകരണവും നിക്ഷേപവും ഉറപ്പാക്കുകയും ലക്ഷ്യമാണ്.
പ്രളയാനന്തര പ്രവർത്തനങ്ങളിൽ സഹായ, നിക്ഷേപങ്ങൾ ഏകോപിപ്പിക്കാനായി മുഖ്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി ആയി നിയോഗിച്ചിരിക്കുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ബിജുവാകും ജാപ്പനീസ് സംഘത്തിന്റെ കേരളപര്യടനപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുക. വിദേശപ്രതിനിധികളുടെ പര്യടനത്തിന്റെ ഭാഗമായുള്ള ചർച്ചകളിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ തുടർനടത്തിപ്പിനും മേൽനോട്ടത്തിനുമായി ചീഫ്സെക്രട്ടറിയുടെ ഓഫീസിനോട് ചേർന്ന് സ്പെഷ്യൽസെല്ലും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനായിരിക്കും ജാപ്പനീസ് സംഘത്തിന്റെ പര്യടനകാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസി. കേരളത്തിലെ നിക്ഷേപ, വികസന സാദ്ധ്യതകൾ പ്രതിപാദിക്കുന്ന പത്ത് മിനിറ്റ് നീളുന്ന പ്രമോഷണൽസിനിമ ഉൾപ്പെടെ പ്രതിനിധിസംഘത്തിന് മുമ്പാകെ പ്രദർശിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രതിനിധിയുമായും ചീഫ്സെക്രട്ടറിയുടെ സ്പെഷ്യൽസെല്ലുമായും ഡൽഹി റസിഡന്റ് കമ്മിഷണറുമായും ബന്ധപ്പെട്ടാകും നോഡൽ ഏജൻസി പ്രവർത്തിക്കുക.