ആലപ്പുഴ: മീൻ വളർത്തൽ കേന്ദ്രത്തിൽ നിന്ന് അർദ്ധരാത്രിയിൽ കരിമീൻ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞ റിട്ട.ഡിവൈ.എസ്.പിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട അഞ്ച് പ്രതികൾ പിടിയിൽ. വാടയ്ക്കൽ പള്ളിപ്പറമ്പിൽ ഷെമീർ (32), കുതിരപ്പന്തി കന്നിട്ടവെളി ആരോമൽ (32), ഗുരുമന്ദിരം പള്ളിപ്പറമ്പിൽ വിനോദ് (22), വാടയ്ക്കൽ പള്ളിപ്പറമ്പിൽ ശ്രീഹരി (21), ഗുരുമന്ദിരം പാല്യത്തയ്യിൽ അൻസാരി (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേർ ഒളിവിലാണ്.
പൊലീസുകാരനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ആലപ്പുഴ ഗുരുമന്ദിരം വാർഡ് പള്ളിപ്പറമ്പിൽ വിനീഷാണ് സംഘത്തിന്റെ നേതാവ്. ഇയാളും വാടയ്ക്കൽ വാർഡ് പള്ളിപ്പറമ്പിൽ കണ്ണൻ (32), പക്രു എന്ന് വിളിക്കുന്ന രഞ്ജിത് എന്നിവരുമാണ് ഒളിവിൽ കഴിയുന്നത്. കഴിഞ്ഞ നാലിന് രാത്രി 11.30 ഓടെയായിരുന്നു സംഭവം. എ-സി റോഡിൽ പക്കി ജംഗ്ഷന് കിഴക്ക് കൊല്ലംപറമ്പിൽ ഫാ. ജോസഫ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള മീൻവളർത്തൽ കുളത്തിൽ നിന്ന് കരിമീൻ മോഷണത്തിനാണ് എട്ടംഗ സംഘം മൂന്ന് ബൈക്കുകളിൽ എത്തിയത്. വല വീശി മീൻ പിടിക്കുന്നത് കണ്ട് അയൽവാസിയായ റിട്ട. ഡിവൈ.എസ്.പിയും പൊലീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ സി.കെ. ഉത്തമൻ ചോദ്യം ചെയ്യാനെത്തി. തുടർന്ന് സംഘം ഉത്തമനെ ആക്രമിച്ച ശേഷം മീനുമായി പള്ളാത്തുരുത്തി ഭാഗത്തേക്ക് രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നിന്ന് കുറച്ച് മാറി, പ്രതികളിലൊരാൾ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ നമ്പർ സി.സി കാമറയിൽ പതിഞ്ഞതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമിയുടെ നിർദേശപ്രകാരം ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിൽ സൗത്ത് സി.ഐ കെ.എസ്.അരുൺ, എസ്.ഐ എസ്.ദ്വിജേഷ്, സീനിയർ സി.പി.ഒ മാരായ മോഹൻകുമാർ, സുധീർ, ശരത് ചന്ദ്രൻ, സാനു, പ്രേംജി, സി.പി.ഒമാരായ സിദ്ദിഖ്, അരുൺ, പ്രവീഷ്, മൻസൂർ, റോബിൻസൺ,സുഭാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.