gold

തിരുവനന്തപുരം: ദുബായിൽ നിന്ന് കസ്റ്രംസ് ഡ്യൂട്ടി വെട്ടിച്ച് കോടികളുടെ സ്വർണം കടത്തുന്ന തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി അഭിഭാഷകനായ ബിജുവാണെന്ന് ഡയറക്ടറേറ്ര് ഒഫ് റവന്യൂ ഇന്റലിജൻസ്. ബിജുവിന്റെ ഭാര്യയെ ഡി.ആർ. ഐ കസ്റ്രഡിയിലെടുത്തതായാണ് സൂചന. ഇതോടെ സ്വർണക്കടത്ത് റാക്കറ്രിലെ പ്രധാന പ്രതികളെല്ലാം പിടിയിലാവാനുള്ള സാദ്ധ്യതയേറി. ബിജുവിനോടൊപ്പം ജിത്തു, വിഷ്ണു എന്നിവരും പങ്കാളികളാണെന്നാണ് ഡി.ആർ.ഐ പറയുന്നത്. കഴിഞ്ഞ ദിവസം എട്ടേ കാൽ കോടി രൂപ വില വരുന്ന 25 കിലോ സ്വർണം കടത്തിയത് പിടികൂടിയതിനെ തുടർന്നാണ് ഡി.ആർ.ഐയുടെ വെളിപ്പെടുത്തൽ. ദുബായിൽ നിന്ന് 13 ന് രാവിലെ 7.45 ന് ഒമാൻ എയർവേയ്സ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആലുവ പറവൂർക്കവല സ്വദേശിനി സറീനാ ഷാജിയെയും തിരുവനന്തപുരം മങ്ങാട്ട്കടവ് സ്വദേശി സുനിൽകുമാർ മോഹനകുമാരൻ തമ്പിയെയും വിമാനത്താവളത്തിൽ വച്ചാണ് രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ. ഐ പിടികൂടിയത്. തന്റെ ബന്ധുവായ പ്രകാശ് ആണ് സുഹൃത്ത് വിഷ്ണു മുഖേന തന്നെ സ്വർണകടത്തിലേക്ക് കൊണ്ടുവന്നതെന്ന് പിടിയിലായ സുനിൽകുമാർ ഡി.ആർ. ഐ യോട് പറ‌ഞ്ഞു. പ്രകാശ് പറഞ്ഞിട്ടാണ് താൻ ദുബായിൽ പോയത്. വിഷ്ണു അവിടെ വച്ച് ജിത്തു എന്നയാളെ പരിചയപ്പെടുത്തി. മെയ് 12 ന് ദുബായ് വിമാനത്താവളത്തിൽ വച്ച് ജിത്തുവാണ് തനിക്ക് സറീനയെ പരിചയപ്പെപടുത്തിയത്. കൂടെ പിടിയിലായ സറീനയുടെ കൈവശം സ്വർണമുണ്ടെന്നും

അവർ അത് ദുബായ് വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജിത്തു പറഞ്ഞു. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് അവരുടെ കൂടെ വരാനാണ് പറഞ്ഞത്.വിമാനം തിരുവനന്തപുരത്തെത്തിയതോടെ സറീനയിൽ നിന്ന് സ്വർണം കൈവശം വാങ്ങാൻ ജിത്തു ഫോൺ ചെയ്ത് ആവശ്യപ്പെടുകയായിരുന്നു. സ്വർണം കൈവശമുണ്ടെന്ന് ദുബായ് വിമാനത്താവളത്തിൽ വച്ച് ഡിക്ലേർ ചെയ്തിട്ടുണ്ടെന്ന് സറീനയും പറയുന്നു. മാർച്ച് മാസത്തിൽ ദുബായിൽ വച്ചാണ് സറീന ജിത്തുവിനെ പരിചയപ്പെടുന്നത്. അഭിഭാഷകനായ ബിജുവാണ് ജിത്തുവിനെ തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും സറീന് പറയുന്നു. ഏഴെട്ട് തവണ സ്വർണംകടത്താൻ വിഷ്ണുവിനെ സഹായിച്ചിട്ടുണ്ടെന്നും സറീന പറഞ്ഞു. യാത്രക്കാരെ കാരിയർമാരാക്കിയാണ് ഈ സംഘം വിമാനത്താവളം വഴി സ്വർണം കടത്തുന്നത്.