renjith-johnson-murder

കൊല്ലം: ആറ് വർഷത്തെ നരകതുല്യമായ ജീവിതം റെയിൽവേ ട്രാക്കിൽ അവസാനിപ്പിക്കാനൊരുങ്ങിയപ്പോഴാണ് രഞ്ജിത്ത് ജോൺസൺ ജെസി ജോർജിനെ കൈ പിടിച്ചുയർത്തുന്നത്. സുഹൃത്തിന്റെ ഭാര്യയുടെ മേലുള്ള കണ്ണായിരുന്നില്ല രഞ്ജിത്ത് ജോൺസന് തന്നോടുണ്ടായിരുന്നതെന്ന് മനോജിന്റെ ആദ്യ ഭാര്യയും പിന്നീട് രഞ്ജിത്ത് ജോൺസന്റെ ഭാര്യയുമായ തീർന്ന ജെസി കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.

മയക്കുമരുന്ന് - ക്വട്ടേഷൻ കേസുകളിൽ തൊടുപുഴയിൽ പാമ്പ് മനോജ് എന്ന ബെനാൻസ് ഒളിവിൽ കഴിയുമ്പോഴാണ് ദിവസും തയ്യൽ ക്ലാസിന് പോയിരുന്ന ജെസിയുമായി അടുപ്പത്തിലാകുന്നത്. ഈ അടുപ്പം ക്രമേണ പ്രണയമായി വളരുന്ന് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹത്തിൽ കലാശിച്ചു. കുറേനാൾ മസ്‌കറ്റിൽ ജോലി ചെയ്‌ത പശ്ചാത്തലം മനോജിനുണ്ടായിരുന്നു. വീണ്ടും ഗൾഫിലേക്ക് പോയി ജീവിത സാഹചര്യം മെച്ചപ്പെടുത്താനായിരുന്നു ആലോചന. മനോജിനൊപ്പം ചേർന്നതോടെ ജെസിയുടെ വീടിന്റെ വാതിലുകൾ എന്നേക്കുമായി അടയുകയും ചെയ്‌തു. ഇതിനിടെ മനോജ് -ജെസി ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടായി. എന്നാൽ ഗൾഫിൽ പോകുന്നതിന് പകരം കഞ്ചാവിന്റെ മൊത്ത വിതരണത്തിലൂടെയും ക്വട്ടേഷൻ വർക്കിലൂടെയും മനോജ് ഇവിടം ഗൾഫാക്കി.

ഇതോടെ കേസുകളിൽ ജയിലിലാകാൻ തുടങ്ങി. ഇതിനിടെ വാൾ കഴുത്തിൽ വച്ച് ഭീഷണി, മൂക്കിന്റെ പാലം ഇടിച്ച് തകർക്കൽ, സിഗററ്റ് കൊണ്ട് മുഖത്ത് പൊള്ളലേൽപ്പിക്കൽ, കെട്ടിത്തൂക്കി കൊല്ലാൻ ശ്രമം തുടങ്ങി നിരവധി ക്രൂരതകൾ മനോജിൽ നിന്ന് ജെസിക്ക് അനുഭവിക്കേണ്ടി വന്നു. ക്രൂരതകളെക്കുറിച്ച് ആരോടും പറയാൻ ഇല്ലാത്തതിനാൽ എല്ലാം സഹിച്ചു. ഇതിനിടെയാണ് ഒരു കേസിൽ മനോജ് ജാമ്യം ലഭിക്കാതെ ദീർഘ കാലം വിചാരണ തടവുകാരനായത്. ഈ സമയം ജെസിക്ക് മനോജിന്റെ അമ്മ വീട്ടിൽ ഭക്ഷണം പോലും നിഷേധിച്ച് അടുക്കള പൂട്ടി. കുട്ടികൾക്ക് അവശ്യം ആഹാരം മാത്രം നൽകി.

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച റെയിൽവേ ട്രാക്കിൽ നിന്നാണ് പുതിയ ജീവിതത്തിലേക്ക് മനോജിന്റെ സുഹൃത്തായ രഞ്ജിത്ത് ജോൺസൺ ജെസിക്ക് തുണയാകുന്നത്. മനോജിനെ ലണ്ടനിൽ ജോലിയുള്ള നഴ്‌സിനെ കൊണ്ട് കെട്ടിക്കാൻ മനോജിന്റെ അമ്മ തീരുമാനിച്ചിരുന്നു. ആ ആഗ്രഹം പൂവണിയുന്നതിന് തടസം ജെസിയുമായുള്ള ബന്ധമാണെന്ന വിശ്വാസത്തിലാണ് ജെസിയെ മനോജിന്റെ അമ്മ വീട്ടിൽ നിന്ന് അകറ്റിയതെന്ന് ജെസി പറയുന്നു. രഞ്ജിത്ത് ജോൺസനുമൊത്തുള്ള ഒമ്പത് വർഷത്തെ ജീവിതം രക്ഷയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നുവെന്ന് ജെസി ഓർക്കുന്നു. തന്റെ രണ്ട് കുട്ടികളെ ഒപ്പം കൂട്ടാൻ നിയമ നടപടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജെസി.

രഞ്ജിത്ത് ജോൺസനെ കൊലപ്പെടുത്തിയത് മനോജാണെന്ന് ഇതുവരെയും കുട്ടികൾ വിശ്വസിച്ചിട്ടില്ല. താൻ കോട്ടയത്ത് ഒരാശുപത്രിയിൽ ജോലി ചെയ്യവെയാണ് കൊല്ലത്ത് കേസിന്റെ വിചാരണ നടന്നത്. കേസിൽ സാക്ഷി പറയാൻ എത്താതിരിക്കാൻ കോട്ടയത്തെ ആശുപത്രിയിലും ട്രെയിൻ ഇറങ്ങുമ്പോൾ പിന്തിരിപ്പിക്കാനും കൊല്ലം റെയിൽവേ സ്‌റ്റേഷനിലും ഗുണ്ടകളുണ്ടായിരുന്നു. പൊലീസ് സുരക്ഷയൊരുക്കിയത് കൊണ്ട് മാത്രമാണ് സാക്ഷി പറയാനായത്. പാമ്പ് മനോജ്, കാട്ടുണ്ണി എന്ന രഞ്ജിത്ത്, കൈതപ്പുഴ ഉണ്ണി എന്ന ബൈജു തുടങ്ങിയവർ കൊടും ക്രമിനലുകളാണെന്ന് അവരുടെ ചില പ്രവൃത്തികൾ ഉദ്ധരിച്ച് ജെസി പറഞ്ഞു. തനിക്കൊരു ജീവിതം നൽകിയതിന്റെ പേരിൽ മകൻ നഷ്‌ടപ്പെട്ട രഞ്ജിത്തിന്റെ മാതാപിതാക്കൾക്ക് തന്നോട് അനിഷ്‌ടം ഉണ്ടായേക്കാമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ജെസി പറഞ്ഞു.