ballot-paper

തിരുവനന്തപുരം: ഐ.ആർ ബറ്റാലിയനിൽ (ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ) പോസ്റ്റൽ ബാലറ്റുകളുടെ വിനിയോഗത്തിൽ ക്രമക്കേടുണ്ടായതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ബറ്റാലിയനിൽ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ കൈപ്പറ്റിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ക്രമക്കേടുകൾക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം സംസ്ഥാനത്തെ മറ്റ് പൊലീസ് ജില്ലകളിൽ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയെങ്കിലും ബാലറ്റ് തിരിമറിയോ നിയമവിരുദ്ധമായ നടപടികളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്പെഷ്യൽ യൂണിറ്റുകളുൾപ്പെടെ എല്ലായിടത്തും ക്രൈംബ്രാഞ്ച് സംഘമെത്തി യൂണിറ്റ് മേധാവികളിൽ നിന്ന് പോസ്റ്റൽ ബാലറ്റിന്റെ വിതരണവും വിനിയോഗവും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചെങ്കിലും ബേക്കൽ സ്റ്റേഷനിൽ അപേക്ഷിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലയെന്നതൊഴിച്ചാൽ മറ്റെങ്ങുനിന്നും പരാതികളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും രണ്ടായിരത്തിലധികം പൊലീസുകാർ ഉത്തരേന്ത്യയിൽ ഡ്യൂട്ടിയിലാണ്. മടങ്ങിവന്നശേഷമേ ഇവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പരാതികളുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ഈ സാഹചര്യങ്ങളും ഇതുവരെയുളള അന്വേഷണ വിവരങ്ങളും സഹിതം ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷം അന്വേഷണം പൂർത്തിയാക്കാൻ കുറച്ച് സമയംകൂടിതേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി. ശ്രീജിത്ത്, എസ്.പി സുദർശൻ എന്നിവ‌രുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം കമ്മിഷന് സമർപ്പിക്കും. പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് പൊലീസുകാരെ സ്വാധീനിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നതിന്റെ വോയ്സ് ക്ളിപ്പ് സഹിതം വാട്ട്സ് ആപ് സന്ദേശങ്ങൾ പുറത്തായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാൻഡോകൾക്കിടയിൽ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം ഇനിയും നടക്കേണ്ടതായുണ്ട്. സസ്പെഷനിൽ കഴിയുന്ന വൈശാഖ് എന്ന പൊലീസുകാരനിൽ നിന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. വോയ്സ് ക്ളിപ്പ് റിക്കാർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെപ്പറ്റിയും ഇതിന് പിന്നിൽ അസോസിയേഷൻ നേതാക്കൾക്കോ മേലുദ്യോഗസ്ഥർക്കോ പങ്കുണ്ടോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ അന്വേഷണമുണ്ടായിട്ടില്ല. ഇതിന് കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.