thomas-isac-

സംസ്ഥാന ഗവൺമെന്റിന്റെ കിഫ്‌ബി മസാല ബോണ്ടുകളുടെ പബ്ളിക് ഇഷ്യു ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യുകയാണ്. ഈ സുപ്രധാന നേട്ടത്തിന്റെ ശില്പിയെന്ന് വിശേഷിപ്പിക്കാവുന്ന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കൗമുദി ടിവിയോട് സംസാരിച്ചു. സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്.

 എന്താണ് ഇതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം?

.സംസ്ഥാനത്ത് 50000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കു അനുമതി നൽകിയിരിക്കുകയാണ്. അതിൽ 30000 കോടിയുടെ ടെണ്ടർ വിളിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ബാക്കി ഒരു വർഷത്തിനുള്ളിൽ നടക്കും. നാലഞ്ചു വർഷത്തിനുള്ളിൽ 50000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുകയെന്നത് കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിലൂടെ നിർമ്മിക്കപ്പെടുന്ന റോഡുകൾ, കെട്ടിടങ്ങൾ, പാലങ്ങൾ, വ്യവസായ പാർക്കുകൾ, ഗ്രിഡുകൾ ഇതെല്ലാം കേരളത്തിന്റെ മുഖച്ഛായ മാറ്റും. ഇതിനെല്ലാം പണം സമാഹരിക്കുവാൻ പറ്റുമോയെന്നതാണ് ചോദ്യം. സാധാരണഗതിയിൽ ഇത്രയും പ്രവർത്തനങ്ങൾ ഒരു സർക്കാർ ഏറ്റെടുത്തു ചെയ്യണമെങ്കിൽ 20 വർഷത്തെ ബഡ്ജറ്റ് തുക വേണ്ടിവരും. അതാണ് ഒറ്റയടിക്ക് നാലഞ്ചു വർഷം കൊണ്ട് ചെയ്യുന്നത്. അതിനു പണം സമാഹരിക്കണം. 20 വർഷം കൊണ്ട് തിരിച്ചുകൊടുക്കണം. അതത്ര എളുപ്പമല്ല. ഒരുപാട് വായ്പാ പണമുള്ളത് ബോണ്ട് വിപണിയിലാണ്. രാജ്യത്തിനു പുറത്തുനിന്ന് ബോണ്ട് പണം ഒരു സർക്കാരിന് എടുക്കാൻ പറ്റുക വളരെ വിഷമമാണ്. വിദേശത്താണ് ബോണ്ടിൽ നിക്ഷേപിക്കുന്നതെങ്കിലും ഇന്ത്യൻ റുപ്പിയിലെ തിരിച്ചുകൊടുക്കുകയുള്ളു. ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നതിന് താത്‌പര്യമുള്ളവരെ എടുക്കുകയുള്ളു. അത് നമ്മൾ വിജയകരമായി നടത്തി. ആദ്യമായിട്ടാണ് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനം ഇത്തരത്തിൽ മസാല ബോണ്ടിറക്കി വിജയിക്കുന്നത്.

 ഇൻസ്റ്റിറ്റ്യൂഷണൽ ബോണ്ട് വഴി 2250 കോടി സമാഹരിച്ചു?കനേഡിയൻ പെൻഷൻ ഫണ്ടാണല്ലോ കൂടുതൽ നിക്ഷേപിച്ചത്?

(.) ബോണ്ടിൽ ആരാണ് നിക്ഷേപിക്കുന്നതെന്ന് ബോണ്ടിറക്കുന്നവരോ സംസ്ഥാന സർക്കാരോ അറിയില്ല. അവിടത്തെ എക്സ്‌ചേഞ്ചിനു മാത്രമേ അറിയൂ.അവരുടെ ക്ളീയറിംഗ് ഹൗസ് വെളിപ്പെടുത്തിയാലേ പേരറിയാൻ പറ്റു.കനേഡിയൻ പെൻഷൻ ഫണ്ടാണ് കൂടുതൽ നിക്ഷേപിച്ചത്.മറ്റു 10 - 20 ചെറുകിട നിക്ഷേപകർ ഉണ്ട്. ഇത്തരത്തിൽ വിജയകരമായി ബോണ്ടിറക്കിക്കഴിഞ്ഞാൽ റിംഗിംഗ് ദ ബെൽസ് സെറിമണി ഉണ്ട്. അതിലേക്കാണ് മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് ക്ഷണിച്ചത്. ഈ കിഫ്‌ബി ബോണ്ടുകൾ ഏറ്റവും മികച്ച അഞ്ച് ഏഷ്യൻ ബോണ്ടുകളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോൾ ഒന്നാം സ്ഥാനത്തേക്ക് വന്നേക്കാം. ഇത് അത്ര എളുപ്പമല്ല. . ഒരുപാട് കടമ്പകൾ ഉണ്ട്. ആ കടമ്പകൾ എല്ലാം വിജയകരമായി കടന്നു.

പ്രതിപക്ഷം ആരോപിക്കുന്നത് പലിശ വളരെ കൂടുതലാണ്. അതിന്റെ ഭാരം ജനങ്ങളുടെ മേൽ പതിക്കുമെന്നാണ്?

(.) പലിശ കൂടുതലല്ല. ഇന്നിപ്പോൾ ബോണ്ട് മാർക്കറ്റിൽ 10 ശതമാനത്തിൽ താഴെ കിട്ടുക അപൂർവം. സമീപകാലത്ത് ഇന്ത്യയിൽ നിന്ന് ബോണ്ടിറക്കിയവർക്ക് 10 ശതമാനത്തിൽ മേലാണ് പലിശ കിട്ടിയത്. അതുകൊണ്ട് എല്ലാവർക്കും അത്ഭുതമാണ്. ഇത് കേരളത്തോടുള്ള ആദരവാണെന്ന് ഞാൻ പറയും. കനേഡിയൻ പെൻഷൻ ഫണ്ട് പോലുള്ള സ്ഥാപനങ്ങൾക്ക് കേരള വികസന മാതൃകയെക്കുറിച്ച് വലിയ മതിപ്പാണ്. ഇതൊരു വഴിത്തിരിവാണ്. സാമൂഹ്യപാതയുടെ നേട്ടങ്ങൾക്ക് ഉടമകളായവരുടെ അനന്തരാവകാശികൾക്ക് അതിനപ്പുറം കൊടുക്കണം. അതിന് ഈ പാതയിൽ പോയാൽ പറ്റില്ല.

അപ്പോൾ ദിശാമാറ്റമാണ്?

(.) അതെ. അതിനു വലിയ മുതൽ മുടക്ക് വേണം. സംസ്ഥാന സർക്കാരിന് ഇന്നത്തെ നിലയിൽ ആ മുതൽ മുടക്ക് എങ്ങനെ പറ്റുമെന്നത് വലിയ പ്രഹേളികയായിരുന്നു. അതിന് ഉത്തരം കണ്ടെത്തിയെന്നതാണ് കിഫ്‌ബിയുടെ നേട്ടം.

ലാവ്‌ലിനിൽ ഏറ്റവും കൂടുതൽ നിക്ഷേപിച്ച കമ്പനിയാണ് സി.പി.ഡി.ക്യു?

(.) 114 രാജ്യങ്ങളിൽ നിന്ന് ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരാണ് അവർ. ലാവ്‌ലിന്റെ ഷെയർ വാങ്ങിച്ചിട്ടുണ്ടാകും. കിഫ്‌ബി അവരുടേതാകുമോ ബോണ്ട് വാങ്ങിയാൽ. ഇന്ത്യാ സർക്കാരിന്റെ ബോണ്ട് അവർ വാങ്ങിച്ചിട്ടുണ്ട്. ഭീമമായ തുക ഇന്ത്യയിൽ അവർ മുതൽമുടക്കിയിട്ടുണ്ട്. വിപണിയെക്കുറിച്ച് വിവരമില്ലാത്തവരാണ് വിമർശനം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലാവ്‌ലിൻ വീണ്ടും ചർച്ചക്കു കൊണ്ടുവരാൻ രാഷ്ട്രീയ ഉന്നം വച്ച് ചിലർ ചെയ്യുന്നതാണ്. അതിനു മറുപടിയും കൊടുത്തിട്ടുണ്ട്. എന്തു നടത്തിയാലും ഗൂഢാലോചന സിദ്ധാന്തം കാണുന്ന കക്ഷികളുണ്ട്. ഈ നാലാം ലോക സിദ്ധാന്ത വിവാദമൊക്കെ ഉണ്ടാക്കിയെടുത്തവർ. അവരിൽ ചിലർ ഇപ്പോൾ പാർട്ടിക്കുള്ളിൽ ആരെയും കിട്ടത്തില്ലെന്നു കണ്ടപ്പോൾ

കോൺഗ്രസിനെ സ്വാധീനിക്കാൻ നോക്കിയതാണ്.

ഈ ധനസമാഹരണം ഒരു മുതലാളിത്ത പാതയാണെന്ന് വിമർശനമുണ്ട്?

(.) ഈ മുതലാളിത്ത വ്യവസ്ഥയിൽ നിന്നുകൊണ്ട് കുറച്ചുകൂടി ക്ഷേമകരമായ വ്യവസ്ഥയുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇപ്പോൾ സോഷ്യലിസം ഉണ്ടാക്കലാണ് പണിയെന്ന് പറഞ്ഞാൽ അതില്പരം ഉട്ടോപ്പിയൻ ചിന്താഗതി വേറെയില്ല. ഇങ്ങനെയൊരു മാറ്റം കേരളത്തിനു വേണം. പഴയ രീതിയിൽ പോയാൽ പറ്റില്ല.കേരളത്തെ ഇടതുപക്ഷ പാതയിൽ നിലനിറുത്തിക്കൊണ്ട് ഇന്നത്തെ വെല്ലുവിളി നേരിടാനുള്ള അജണ്ട. ആ അജണ്ട നടപ്പിലാക്കുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ഉണ്ടാക്കിയ നിയമം ഉണ്ട്. എന്താവശ്യമുണ്ടായാലും മൂന്നു ശതമാനത്തിനപ്പുറം വായ്‌പ എടുക്കാൻ പറ്റില്ല. ദേശീയ വരുമാനത്തിന്റെ 3 ശതമാനം മാത്രം വായ്പ പാടില്ല എന്നു പറയുമ്പോൾ നാട്ടിൽ റോഡ് വേണ്ടേ. വികസനം വേണ്ടേ. വായ്പ എടുത്താൽ എന്താണ് കുഴപ്പം. മുതലാളിക്കു കൊടുക്കാതെ സർക്കാർ നേരിട്ടു കാര്യങ്ങൾ ചെയ്യട്ടെ.

 ഇത് തിരിച്ചടയ്ക്കാൻ പറ്റുമോ?

(.) ഒരു പൈസ കൂടുതലില്ലാതെ തിരിച്ചടയ്ക്കാം. പെട്രോളിയം സെസ് ഒരു ശതമാനം മോട്ടോർ വാഹന നികുതിയുടെ പകുതി. അതൊക്കെ കിഫ്‌ബിക്കു കൊടുക്കും. ആ പണത്തിനെക്കാൾ ഒരു പൈസ കൂടുതൽ വേണ്ട ഈ വായ്പ തിരിച്ചടയ്ക്കാൻ.

 കിഫ്‌ബിയിൽ പ്രതീക്ഷിച്ചപോലെ പണം വരുന്നില്ലെന്ന് വിമർശനമുണ്ട്.

(.) ബില്ലു കൊടുക്കുമ്പോൾ പണം ഉണ്ടാക്കിയാൽ പോരെ. അതിനൊക്കെ കണക്കു കൂട്ടിയിട്ടുണ്ട്. ടെണ്ടർ വിളിക്കുമ്പോൾ ഓരോ പണിയും എപ്പോൾ തീരുമെന്ന് പറയണം. അപ്പോൾ കൊടുക്കാൻ പണം തയ്യാറാണ്. പ്രതീക്ഷിച്ചപോലെ വിജയമാണ്. ഇങ്ങനെ വലിയ കാര്യങ്ങൾ ചെയ്ത ശീലം നമ്മുടെ നാട്ടിലില്ല.