തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ ഓപ്പറേഷൻ ശുഭയാത്രയുമായി സിറ്റി പൊലീസ്. വിദ്യാർത്ഥികളോട് സ്കൂൾ വാഹനത്തിലെ ജീവനക്കാരൻ മോശമായി പെരുമാറുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്.സ്കൂൾ തുറക്കും മുമ്പ് രണ്ട് ഭാഗങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ - സർക്കാർ സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി ഡ്രൈവർമാരുടെയും മറ്റു ജീവനക്കാരുടെയും സ്വഭാവദൂഷ്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും വാഹനങ്ങളുടെ കാര്യക്ഷമത, ഇൻഷ്വറൻസ് മുതലായ രേഖകൾ കൃത്യമാണെന്ന് പരിശോധിക്കുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം. എല്ലാ സ്വകാര്യ - സർക്കാർ സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ ലഭ്യമാക്കുന്നത് ഹോസ്റ്റൽ നടത്തിപ്പുകാരോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആണ്. വാഹനം ഏർപ്പെടുത്തിക്കൊടുക്കുന്നവരെക്കുറിച്ചും വാഹനത്തെക്കുറിച്ചും പരിശോധനകൾ നടത്തും. ഈ പരിശോധന 18ന് മുൻപ് പൂർത്തിയാക്കും. വിവരങ്ങൾ അതത് സ്റ്റേഷൻ പരിധികളിൽ എസ്.എച്ച്.ഒമാർ ശേഖരിക്കും. നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ മേൽനോട്ടം വഹിക്കും. ഇങ്ങനെ തയ്യാറാക്കുന്ന പട്ടികയിലെ മുഴുവൻ ജീവനക്കാരെയും ക്യാമ്പിലോ, ട്രാഫിക് പൊലീസ് സ്റ്റേഷനിലോ വിളിച്ചു വരുത്തി ബോധവത്കരണ ക്ലാസ് നൽകും. ക്ലാസുകൾ 25നകം പൂർത്തിയാക്കും.
നടപടിയുണ്ടാകും
സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് അതത് വാഹനങ്ങളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വമാണെന്നും വീഴ്ചയുണ്ടായാൽ നിയമപരമായ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു. സ്കൂൾവാഹനങ്ങളുടെ പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ സഹായവും തേടും.
ബോധവത്കരണം ഇങ്ങനെ
സുരക്ഷിത യാത്രയെക്കുറിച്ചുള്ള ബോധവത്കരണം
സ്‌കൂൾ കുട്ടികളെയും കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ
സ്‌കൂൾ വാഹനങ്ങളിൽ പരമാവധി കയറ്റാവുന്ന കുട്ടികളുടെ എണ്ണവും മറ്റു സുരക്ഷാ മാനദണ്ഡങ്ങളും
സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ കുട്ടികളോടുള്ള പെരുമാറ്റ രീതികൾ
വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകൾ