തിരുവനന്തപുരം: നിയമസഭ 14 മാസത്തിനകം കടലാസ് രഹിത ഡിജിറ്റൽ സഭയായി മാറും. എട്ട് മാസം കൊണ്ട് സഭയ്ക്കുള്ളിലും അടുത്ത ആറുമാസത്തിൽ സെക്‌ഷനുകളിലും ഡിജിറ്റൽവത്കരണം നടപ്പാവും. 40 കോടിയോളം രൂപയാണ് ചെലവ്. ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബർ പാർക്കുമായി ഇതിന് കരാറൊപ്പിട്ടതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിമാചൽ പ്രദേശ് നിയമസഭ ഭാഗികമായി ഡിജിറ്റൽവത്കരിച്ചിട്ടുണ്ട്. സമ്പൂർണ കടലാസ് രഹിതമാവുന്ന ആദ്യ നിയമസഭ കേരളത്തിലേതാവും.
എം.എൽ.എമാർക്ക് ഏത് രേഖയും വിരൽത്തുമ്പിൽ ലഭ്യമാക്കും. നിയമസഭയിൽ വരുന്ന വിവരങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ എം.എൽ.എമാർക്ക് മുന്നിലുള്ള ലാപ്ടോപ്പിൽ ലഭ്യമാവും. സ്പീക്കറുമായുള്ള ആശയവിനിമയം, ബഡ്‌ജറ്റ് അവതരണം, ബഡ്ജറ്റ് വിശദാംശങ്ങൾ എന്നിവയെല്ലാം ഡിജിറ്റലാവും. സഭയുടെ ലൈബ്രറിയും ആർക്കൈവ്‌സും ഡിജിറ്റലാവും. ഒരുവർഷം പ്രിന്റിംഗിന് 35 മുതൽ 40 കോടി രൂപ വരെ ചെലവുണ്ട്. ഈ തുകയ്ക്ക് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാം. ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവാതെ, മറ്റ് വിഭാഗങ്ങളിൽ പുനർവിന്യസിക്കും. ഡിജിറ്റൽവത്കരണത്തിന് കേന്ദ്രസഹായത്തിനായി ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്.
കരാർ വിളിച്ചാണോ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഡിജിറ്റലൈസേഷൻ ഏല്പിച്ചതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ കരാറിന്റെ ആവശ്യമില്ലെന്നും താത്പര്യപത്രം ക്ഷണിച്ചാണ് ഇവരെ തിരഞ്ഞെടുത്തതെന്നും സ്പീക്കർ പറഞ്ഞു. സൊസൈറ്റിയുടെ വൈദഗ്ദ്ധ്യവും പദ്ധതി സമയത്തു തീർക്കാനുള്ള മികവും പരിഗണിച്ചാണ് അവരെ ഏല്പിച്ചത്. കെൽട്രോൺ അടക്കമുള്ള സർക്കാർ ഏജൻസികളും താത്പര്യപത്രം ക്ഷണിച്ചപ്പോൾ പങ്കെടുത്തിരുന്നു. നിയമസഭാംഗങ്ങൾക്കുള്ള ഇ- വിധാൻ സഭ പരിശീലന പരിപാടിയുടെ പ്രാഥമിക ഘട്ടം 21നും 22നുമായി നടത്തുമെന്നും സ്പീക്കർ പറഞ്ഞു.