klra

കല്ലറ : കല്ലറ പഞ്ചായത്തിലെ വെള്ളം കുടി വാർഡിലെ മെമ്പർ രാജിവച്ചതോടെ തുലാസിലായിരിയ്ക്കുകയാണ് എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. കേവലം ഒരു സീറ്റിന്റെ ബലത്തിലാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരിയ്ക്കുന്നത്.

വെള്ളംകുടി വാർഡിലെ മെമ്പറായ സജു കെ.എസ്.ആർ.ടി.സിയിൽ സ്ഥിര ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതാണ് എൽ.ഡി.എഫിനെ വെട്ടിലാക്കിയിരിയ്ക്കുന്നത്. ഈ മാസം 27 ന് നടക്കുന്ന വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റാൽ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കും.

ആകെ പതിനേഴ് വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 9 എണ്ണം എൽ.ഡി.എഫ് നേടിയിരുന്നു. 8 സീറ്റുകൾ യു.ഡി.എഫും വിജയിച്ചു. ഒരാൾ രാജിവച്ചതോടെ ഇരുവരുടേയും കക്ഷിനില 8 - 8 എന്ന നിലയിലാണ്.

ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണെങ്കിലും പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് എൽ.ഡി.എഫിന് ആശ്വാസമായിരുന്നു. ഇതിനിടയിലാണ് വെള്ളംകുടി വാർഡിലെ മെമ്പറുടെ രാജി. മുൻ പഞ്ചായത്ത് പ്രസിഡന്റായ ജി . ശിവദാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എസ്. ലതയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് ജി. ശിവദാസിനെ രംഗത്തിറക്കിയിരിയ്ക്കുന്നത്. മത്സരത്തിന് ബി.ജെ.പിയും രംഗത്തുണ്ടാകുമെന്നാണ് വിവരം. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

7 വരെയാണ് നിർദ്ദേശപത്രിക സമർപ്പിയ്ക്കാനുള്ള അവസാന തീയതി.

ഇരു പക്ഷത്തിന്റെയും കക്ഷി നില തുല്യമായയതിനാൽ വെള്ളം കുടിയിൽ ആര് ജയിച്ചാലും അവരാണ് പഞ്ചായത്ത് ഭരിയ്ക്കുക. ഇത് തന്നെയാണ് ഇരു മുന്നണികളേയും മുൾമുനയിൽ നിറുത്തുന്നതും.