bank

തിരുവനന്തപുരം: മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കനറാ ബാങ്ക് മേഖലാ ഓഫീസിലെ റിസപ്ഷൻ കൗണ്ടർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു. അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിച്ചെന്ന ബാങ്ക് അധികൃതരുടെ പരാതിയിൽ 14 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ

കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. രാവിലെ എട്ട് മുതൽ പ്രതിഷേധവുമായി ഇരുപത്തഞ്ചോളം പ്രവർത്തകർ ബാങ്കിന് മുന്നിൽ കുത്തിയിരുന്നു. ഒമ്പതരയോടെ ബാങ്ക് പൊലീസ് കാവലിൽ പ്രവർത്തനം ആരംഭിച്ചു. അക്രമം ഭയന്ന് മുന്നിലെ ഗ്രില്ല് വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. എന്നാൽ പത്തോടെ ഇടപാടുകാരനെ കയറ്റുന്നതിനായി സെക്യൂരിറ്റി വാതിൽ തുറക്കുന്നതിനിടെയാണ് പ്രവർത്തകർ അകത്തേക്ക് തള്ളിക്കയറിയത്. താഴത്തെ നിലയിലെ റിസപ്ഷനിലെ കസേരകളും മേശയും ഫാനുമടക്കം ഇവർ തല്ലിത്തകർത്തു. ഇതിനിടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തിറക്കി. ഇവരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ പ്രവ‌ർത്തകരെ വിട്ടയച്ചു.