ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ദേശീയപാതയോരത്തെ നടപ്പാതയും ഓടയും തകർന്ന് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ആറ്റിങ്ങൽ ടൗൺ മുസ്ലീം ജമാഅത്തിന് സമീപത്തെ വളവിലാണ് നടപ്പാതയും ഓടയും തകർന്നുകിടക്കുന്നത്. കാൽ നടയാത്രക്കാർ റോഡിലിറങ്ങി നടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളിൽ ധാരാളം പേർ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്. ഇവരും റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. സി.എസ്.ഐ മിഷൻ ആശുപത്രി, എൽ.ഐ.സി ഓഫീസ്, ഗവ. ഐ.ടി.ഐ, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളിലേക്ക് പോകുന്നയാളുകളും ഇതുവഴി നടന്നാണ് പോകുന്നത്. രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പോസ്റ്ററുകളും ബാനറുകളും ഫുട്ട്പാത്തു മറച്ച് യാത്രാതടസം സൃഷ്ടിക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. കുപ്പിക്കഴുത്തുപോലുള്ള ദേശീയപാത വർഷങ്ങളായി ഗാതഗതക്കുരുക്കിൽ അമരുകയാണ്. നാലുവരിപാത എന്നത് വർഷങ്ങളായുള്ള ആറ്റിങ്ങലുക്കാരുടെ സ്വപ്നമാണ്. അതും നടക്കാത്ത സ്വപ്നമായി നിൽക്കുന്നു. ആറ്റിങ്ങൽക്കാർക്ക് ആവശ്യത്തിന് പോലും ദേശീയ പാതയിലേക്ക് കാറുകൾ ഇറക്കാനാവാത്ത സ്ഥിതിയാണ്. രാത്രി 8 മണിമുതൽ രാവിലെ 6 മണിവരെ മാത്രമാണ് ഇവിടെ ഗതാഗതക്കുരുക്ക് ഇല്ലാത്തതെന്ന് നാട്ടുകാർ സൂചിപ്പിക്കുന്നു.