ramesh-chennithala

തിരുവനന്തപുരം:കിഫ്ബിയുടെ മസാലബോണ്ട് പബ്ലിക്കായി പുറത്തിറക്കുന്നതിന് മുമ്പേ ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാനമുൾപ്പെടുന്ന കാനഡയിലെ ക്യൂബെക് പ്രവിശ്യയിൽ സ്വകാര്യമായി പുറത്തിറക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനാധാരമായ രേഖകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

ഈ മാസം 17ന് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാലബോണ്ടിന് മുഖ്യമന്ത്രി മുഴക്കാൻ പോകുന്നത് കേരളത്തെ പണയപ്പെടുത്തുന്നതിന്റെ മണിയാണെന്ന് പറഞ്ഞ ചെന്നിത്തല, ഭരണഘടനാവിരുദ്ധമായ ഈ ഇടപാടിനെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.

ക്യൂബെകിൽ നിന്ന് സി.ഡി.പി.ക്യു വാങ്ങിയ ശേഷമാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ഇത് പബ്ലിക്കായി ലിസ്റ്റ് ചെയ്തത്. പ്രൈവറ്റായി പുറത്തിറക്കിയത് എന്തിന് മറച്ചുവച്ചു? പ്രൈവറ്റായി പുറത്തിറക്കുന്ന ബോണ്ടുകളിലാണ് പലിശ സംബന്ധിച്ച് വിലപേശുന്നതെന്നാണ് മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്. എങ്കിൽ നേരത്തേ സി.ഡി.പി.ക്യുവുമായി പലിശ തീരുമാനിച്ചിട്ടാണ് ഇത് പബ്ലിക്കായി ലിസ്റ്റ് ചെയ്തത്. പ്രൈവറ്റായി കാണിച്ച് വലിയ പലിശ ഉറപ്പിച്ചിട്ടാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പബ്ലിക്കായി ലിസ്റ്റ് ചെയ്തത്. രഹസ്യമായി ഈ ഒത്തുതീർപ്പുകൾ നടത്തിയതെന്തിനെന്ന് ധനമന്ത്രിയോ മുഖ്യമന്ത്രിയോ വ്യക്തമാക്കണം.

മസാലബോണ്ട് വാങ്ങിയ സി.ഡി.പി.ക്യുവിന് ലാവ്‌ലിനുമായി ഗാഢമായ ബന്ധമാണ്. സി.ഡി.പി.ക്യു ഏറ്റെടുക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഉപകരാർ നൽകുന്ന കൺസോർഷ്യത്തെ നയിക്കുന്നത് ലാവ്‌ലിനാണ്. ലാവ്‌ലിന് വേണ്ടി കരാർ ഏറ്റെടുത്ത കമ്പനി മാത്രമാണ് സി.ഡി.പി.ക്യു എന്നത് മറച്ചുവച്ചു. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്താണ്. എന്നിട്ടും ഈ നീക്കം നടത്തിയത് ലാവ്‌ലിന് ലാഭമുണ്ടാക്കാനാണ്. പഴയ കേസിൽ പിടികിട്ടാപ്പുള്ളിയായ ലാവ്‌ലിനായാണ് 2,150കോടിയുടെ ബോണ്ട്. ഇത് ധാർമ്മികമാണോ? ഇതിന് സെബിയുടെ അനുമതിയുണ്ടോ? 2,150കോടിക്ക് അഞ്ച് വർഷം കൊണ്ട് പലിശയായി നൽകേണ്ടത് 1045കോടിയാണ്. ഒരു വരുമാനവുമില്ലാത്ത കിഫ്ബി വീഴ്ച വരുത്തിയാൽ സർക്കാർ അടയ്‌ക്കണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 4,500 കോടി വായ്പയെടുത്തു. വരുമാനമെല്ലാം വായ്പാ തിരിച്ചടവിനായി മാറ്റേണ്ട സ്ഥിതിയാണ്. ഈ ആശങ്കയിലാണ് മസാലബോണ്ട് ഫയലുകൾ പ്രതിപക്ഷ എം.എൽ.എമാരുടെ സംഘത്തെ കാട്ടാനാവശ്യപ്പെട്ടത്. തന്റെ കത്തിന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ 2,150കോടിക്ക് 1,045 കോടി പലിശ നൽകുന്നതിനെപ്പറ്റി തങ്ങൾക്കറിയണമെന്നും ചെന്നിത്തല പറഞ്ഞു.