stadium

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ക്ലോറിൻരഹിത നീന്തൽക്കുളമെന്ന പേരിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്‌സിൽ സജ്ജമാക്കിയ പൊലീസ് നീന്തൽക്കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് പനിയും അതിസാരവും ഛർദ്ദിയും. ഏപ്രിലിൽ ആരംഭിച്ച നീന്തൽ പരിശീലനത്തിന് ചേർന്ന കുട്ടികളാണ് ആശുപത്രിയിലായത്. ഏകദേശം 17ഓളം കുട്ടികൾ നഗരത്തിലെ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ഒക്ടോബറിലാണ് ആൽബട്രോസ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുളം ഉദ്ഘാടനം ചെയ്‌തത്.

വെള്ളം മാറ്റൽ ആഴ്ചയിലൊരിക്കൽ
-----------------------------------------------------

ദിവസവും നൂറോളംപേർ നീന്തിത്തുടിക്കുന്ന കുളത്തിൽ വെള്ളം മാറ്റുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രമായതാണ് കുട്ടികൾക്ക് അസുഖമുണ്ടായതിന് പിന്നിലെ പ്രധാന കാരണം. നഗരത്തിലെ വെള്ളയമ്പലം ജിമ്മിജോർജ് സ്റ്റേഡിയത്തിലെ പരിശീലനക്കുളം ദിവസവും വൃത്തിയാക്കുമ്പോഴാണ് പൊലീസ് നീന്തൽ കുളത്തിന് ഈ ഗതികേട്. ചെങ്കണ്ണ്, ഛർദ്ദി, വയറിളക്കം, കലശലായ വയറുവേദന, കടുത്ത പനി മുതലായ രോഗങ്ങൾ ബാധിച്ചാണ് കുട്ടികൾ ചികിത്സ തേടിയത്.

പ്രതികരണം

-------------------------------
കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികളിൽ ഒരാൾക്ക് പനിയുണ്ടായിരുന്നു. കുളത്തിൽ ഇറങ്ങിയ ഈ കുട്ടിയിൽ നിന്നാണ് മറ്റുള്ള കുട്ടികൾക്ക് അസുഖം പടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുളം വൃത്തിയാക്കിയിട്ടുണ്ട്.

മനോജ് എബ്രഹാം, ഐ.ജി