തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ക്ലോറിൻരഹിത നീന്തൽക്കുളമെന്ന പേരിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സിൽ സജ്ജമാക്കിയ പൊലീസ് നീന്തൽക്കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് പനിയും അതിസാരവും ഛർദ്ദിയും. ഏപ്രിലിൽ ആരംഭിച്ച നീന്തൽ പരിശീലനത്തിന് ചേർന്ന കുട്ടികളാണ് ആശുപത്രിയിലായത്. ഏകദേശം 17ഓളം കുട്ടികൾ നഗരത്തിലെ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
കഴിഞ്ഞ ഒക്ടോബറിലാണ് ആൽബട്രോസ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുളം ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്ക് 1500 രൂപയും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് 750 രൂപയുമാണ്. 100 രൂപ നൽകിയാൽ ഒരു മണിക്കൂർ നീന്താനാകും.
2000 രൂപയാണ് പൊതുജനങ്ങൾക്ക് നീന്താനുള്ള ഫീസ്. ഉദ്യോഗസ്ഥർക്ക് 1000 രൂപ.
വെള്ളം മാറ്റൽ ആഴ്ചയിലൊരിക്കൽ
ദിവസവും നൂറോളംപേർ നീന്തിത്തുടിക്കുന്ന കുളത്തിൽ വെള്ളം മാറ്റുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രമായതാണ് കുട്ടികൾക്ക് അസുഖമുണ്ടായതിന് പിന്നിലെ പ്രധാന കാരണം. നഗരത്തിലെ വെള്ളയമ്പലം ജിമ്മിജോർജ് സ്റ്റേഡിയത്തിലെ പരിശീലനക്കുളം ദിവസവും വൃത്തിയാക്കുമ്പോഴാണ് പൊലീസ് നീന്തൽ കുളത്തിന് ഈ ഗതികേട്. ചെങ്കണ്ണ്, ഛർദ്ദി, വയറിളക്കം, കലശലായ വയറുവേദന, കടുത്ത പനി മുതലായ രോഗങ്ങൾ ബാധിച്ചാണ് കുട്ടികൾ ചികിത്സ തേടിയത്.
കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികളിൽ ഒരാൾക്ക് പനിയുണ്ടായിരുന്നു. കുളത്തിൽ ഇറങ്ങിയ ഈ കുട്ടിയിൽ നിന്നാണ് മറ്റുള്ള കുട്ടികൾക്ക് അസുഖം പടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുളം വൃത്തിയാക്കിയിട്ടുണ്ട്.
മനോജ് എബ്രഹാം, ഐ.ജി