priyanka

ന്യൂഡൽഹി :ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്‌ത്‌ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് പ്രിയങ്ക ശർമ്മയെ ജയിൽ ജീവനക്കാർ ഉപദ്രവിച്ചെന്ന് ആരോപണം. ഇന്നലെ ജയിൽ മോചിതയായ ശേഷം അവർ തന്നെയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

എനിക്ക് ചൊവ്വാഴ്‌ച ജാമ്യം ലഭിച്ചിരുന്നു. പിന്നെയും18 മണിക്കൂറോളം മോചിപ്പിച്ചില്ല. അഭിഭാഷകനെയും കുടുംബത്തെയും കാണാൻ അനുവദിച്ചില്ല. അവർ നിർബന്ധിച്ച് മാപ്പപേക്ഷയിൽ ഒപ്പിടുവിച്ചു. ജയിലിൽ ജീവനക്കാർ ഉപദ്രവിച്ചു. മോശമായാണ് പെരുമാറിയത്. ജയിലർ പിടിച്ച് തള്ളി. അഞ്ചുദിവസവും ആരോടും സംസാരിക്കാൻ അനുവദിച്ചില്ല. ഒരിക്കലും മമതാബാനർജിയോട് മാപ്പു പറയില്ല - പ്രിയങ്കാ ശർമ്മ പറഞ്ഞു.

പ്രിയങ്ക ശർമ്മയ്‌ക്ക് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചെങ്കിലും ഇന്നലെ രാവിലെയാണ് മോചിപ്പിച്ചത്. പ്രിയങ്ക ശർമ്മയെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ബംഗാൾ സർക്കാരിനെതിരെ കോടതിഅലക്ഷ്യ നടപടി എടുക്കുമെന്ന് ഇന്നലെ സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് മോചിപ്പിച്ചത്.

ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിൽ പങ്കെടുത്ത പ്രിയങ്കചോപ്രയുടെ ചിത്രത്തിൽ മമതയുടെ മുഖം മോർഫ് ചെയ്ത് പ്രിയങ്ക ശർമ്മ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നൽകിയ പരാതിയിലാണ് പൊലീസ് പ്രിയങ്ക ശർമ്മയെ അറസ്റ്റ് ചെയ്തത്.

ബംഗാൾ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

പ്രിയങ്ക ശർമ്മയെ ചൊവ്വാഴ്ച തന്നെ മോചിപ്പിക്കാത്തതിന് മമത സർക്കാരിനെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചു.പ്രിയങ്ക ശർമ്മയെ അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത് പ്രഥമ ദൃഷ്ട്യാ സ്വേച്ഛാധിപത്യപരമെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. പ്രിയങ്ക ശർമ്മയെ ഉടൻ മോചിപ്പിക്കാൻ ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് മമതാ സർക്കാർ പ്രിയങ്കയുടെ ജയിൽ മോചനം നീട്ടി. ഇന്നലെ രാവിലെ 9.40നാണ് പ്രിയങ്കയെ മോചിപ്പിച്ചത്. കോടതി ഉത്തരവിട്ട് അരമണിക്കൂറിനകം പ്രിയങ്കയെ മോചിപ്പിക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു.