rijesh

തിരുവനന്തപുരം: ഇന്ത്യയിലെ 543 ലോക്‌സഭാ മണ്ഡലങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരുകൾ ഒരാൾ പറയും, അതും നാലു മിനിട്ടിൽ ! വിശ്വസിക്കാൻ പ്രയാസമുള്ളവർക്കുള്ള മറുപടിയാണ് പൊന്നാനി പള്ളിപ്രം കളരിക്കൽ വീട്ടിൽ റിജേഷ്. ആന്ധ്രപ്രദേശിലെ മണ്ഡലത്തിൽ തുടങ്ങി ബീഹാറും കർണാടകയും കേരളവും തമിഴ്നാടും ഡൽഹിയും മദ്ധ്യപ്രദേശുമെല്ലാം പിന്നിട്ടാണ് നാലു മിനിട്ടു കൊണ്ട് രാജ്യത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളും റിജേഷ് നിറുത്താതെ പറഞ്ഞ് താരമായത്.

പൊന്നാനിയുടെ പ്രതിനിധിയായ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചേംബറിലായിരുന്നു ഈ അദ്ഭുതം നടന്നത്. തുടർന്ന് റിജേഷിന് സ്‌പീക്കർ പുരസ്‌കാരം നൽകി. രണ്ടു മാസം നീണ്ട പരിശീലനത്തിനൊടുവിലാണ് മണ്ഡലങ്ങളുടെ പേരുകൾ വേഗത്തിൽ പറയാനായതെന്ന് ഇലക്ട്രിഷ്യനായ റിജേഷ് പറയുന്നു. ചെറുപ്പത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖർ മത്സരിക്കുന്ന മണ്ഡലവും വിവരങ്ങളുമെല്ലാം അച്ഛൻ ശങ്കരൻകുട്ടിയിൽ നിന്ന് മനസിലാക്കിയിരുന്നു. മനസിൽ പതിഞ്ഞ ഈ മണ്ഡല ചിത്രം പിന്നീടു കൂടുതൽ പഠിച്ചു.

കൂടാതെ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെയും ജനപ്രതിനിധികളുടെയും പേരുകളും റിജേഷ് പറയും. മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരും വർഷവും അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് മോഹൻലാൽ നേരിട്ടിടപെട്ട് മറ്റൊരു വേദി ഇതിനായി ഒരുക്കി നൽകി. 2017ലായിരുന്നു സംഭവം. നടൻ മമ്മൂട്ടി അഭിനയിച്ച സിനിമാ പേരുകൾ വർഷങ്ങൾ സഹിതം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നാണ് ഇനിയുള്ള മോഹം.ഫുട്‌ബാൾ ലോകകപ്പ് ജേതാക്കളുടെ വിവരങ്ങളും ഇതേ മാതൃകയിൽ റിജേഷ് പറയും.