കൊൽക്കത്ത : ബംഗാളിൽ അമിത്ഷായുടെ റാലിക്ക് നേരെയുണ്ടായ അക്രമങ്ങളെ തുടർന്നുള്ള പ്രതിഷേധവും തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി സംഘർഷവും രൂക്ഷമായ പശ്ചാത്തലത്തിൽ 19ന് വോട്ടെടുപ്പ് നടക്കേണ്ട ഒൻപത് മണ്ഡലങ്ങളിലെ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ദിവസം വെട്ടിക്കുറച്ചു.
ഭരണഘടനയുടെ 324 വകുപ്പ് നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മിഷന്റെ ഈ അറ്റകൈ പ്രയോഗം.
മേയ് 17ന് സമാപിക്കേണ്ട പ്രചാരണം 16ന് രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ബി. ജെ. പി - തൃണമൂൽ അക്രമങ്ങൾ തുടരുന്നതിനാലാണ് കമ്മിഷന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായി ഇടപെട്ടതിന് ബംഗാളിലെ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയേയും കുറ്റാന്വേഷണ വിഭാഗം അഡിഷണൽ ഡയറക്ടർ ജനറലിനെയും മാറ്റാനും കമ്മിഷൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് പകരം ചുമതല.
മമതാബാനർജിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെയാണ് ഈ അസാധാരണ സംഭവവികാസങ്ങൾ.
അമിതാഷായുടെ റാലിയിൽ ഉണ്ടായ അക്രമമുണ്ടാക്കിയതും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതും ബി.ജെ.പി ഗുണ്ടകളാണെന്ന ആരോപണത്തിന് തെളിവായി വീഡിയോദൃശ്യങ്ങൾ ഇന്നലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് നൽകിരുന്നു.
ബംഗാളിൽ ബി.ജെ.പി നേതാക്കൾക്ക് സുരക്ഷ ഒരുക്കണമെന്നും അക്രമങ്ങളിൽ മമതയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളായ നിർമ്മല സീതാരാമൻ, പ്രകാശ് ജാവദേക്കർ, എം.എ നഖ്വി തുടങ്ങിയവരടങ്ങിയ സംഘം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.