suicide-death-in-neyyatti

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മയായ ലേഖയും മകൾ വൈഷ്ണവിയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായി, ഗാർഹിക പീഡനവും സ്ത്രീധന പ്രശ്നങ്ങളുമാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. ലേഖ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിരുന്ന ഭർത്താവും ഭർത്തൃമാതാവും ഉൾപ്പെടെ നാല് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ (44), മകൾ വൈഷ്ണവി (19) എന്നിവർ ചൊവ്വാഴ്‌ചയാണ് ജീവനൊടുക്കിയത്. ലേഖയുടെ ഭർത്താവ് ചന്ദ്രൻ (50), ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ അനിയത്തി ശാന്ത (63), ഇവരുടെ ഭർത്താവ് കാശിനാഥൻ (67) എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാക്കുറിപ്പിൽ പറയുന്നതെല്ലാം ഇവർ പൊലീസിനോട് സമ്മതിച്ചു.

ബാങ്കിന്റെ ജപ്തിഭീഷണിയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് ചൊവ്വാഴ്‌ച ചന്ദ്രനും മാതാവും പറഞ്ഞിരുന്നത്.

ആത്മഹത്യയ്‌ക്ക് പിന്നാലെ പൊലീസ് അടച്ചിട്ട വീട് ഇന്നലെ രാവിലെ ഫോറൻസിക് ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഭിത്തിയിൽ നാലിടത്തായി ഒട്ടിച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. കൂടാതെ മുറിയുടെ വാതിൽ തുറക്കുമ്പോൾ കാണാൻ കഴിയാത്ത വിധത്തിൽ കതകിന് പിറകിലെ ചുവരിൽ കരിക്കട്ട ഉപയോഗിച്ച് കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രൻ എന്നിവരാണ് മരണത്തിന് കാരണമെന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ ലേഖയും മകളും ദേഹത്ത് തീകൊളുത്തിയപ്പോൾ വീടിന് മുന്നിലുണ്ടായിരുന്ന ചന്ദ്രൻ വാതിൽ തകർത്ത് അകത്ത് കയറാനോ അവരെ രക്ഷിക്കാനോ തയ്യാറായിരുന്നില്ല. തൊട്ടടുത്ത ജംഗ്‌ഷനിൽ നിന്ന് ആളുകളെത്തി വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ ഏകദേശം കത്തിയ നിലയിലായിരുന്നു രണ്ടുപേരും. ശരീരത്തിലേക്ക് വെള്ളം ഒഴിച്ചെങ്കിലും വൈഷ്ണവി മരിച്ചിരുന്നു. 'ഈ തള്ളയാണ് ഇതിന് കാരണം' എന്ന് ലേഖ കണ്ണുതുറന്ന് പറഞ്ഞതായി നാട്ടുകാർ പറയുന്നു. പിന്നെയും ഏറെ നേരം കഴിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഭവം നടന്ന ഉടൻ, ബാങ്ക് അധികൃതർ ജപ്തിചെയ്യാൻ വരുന്നതിലുള്ള വിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ചന്ദ്രനും കൃഷ്ണമ്മയും ശ്രമിച്ചത്. സംഭവം വഴിതിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ലേഖയും വൈഷ്ണവിയും ഒരു പിഴവുമില്ലാതെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പാണ് അവരെ കുടുക്കിയത്.

കുറിപ്പ് കണ്ടെടുത്തപ്പോൾ തന്നെ നാല് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഉച്ചയ്‌ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചന്ദ്രനെയും കാശിനാഥനെയും നെയ്യാറ്റിൻകര ജയിലിലേക്കും തങ്കമ്മയെയും ശാന്തയെയും തിരവനന്തപുരം വനിതാ ജയിലിലേക്കും അയച്ചു. രണ്ട് ദിവസത്തേക്ക് പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട

അപേക്ഷ നാളെ പരിഗണിക്കും.

മൃതദേഹങ്ങൾ സംസ്‌കരിച്ചു

പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹങ്ങൾ കാണാൻ ചന്ദ്രനെ പൊലീസ് വലയത്തിൽ എത്തിച്ചു. മകളുടെ മൃതദേഹം കാണാൻ ശ്രമിച്ചെങ്കിലും ഭാര്യയുടെ മൃതദേഹത്തിനടുത്തേക്ക് പോയില്ല. ഇതിനിടെ നാട്ടുകാരിൽ ചിലർ രൂക്ഷമായി ഇയാൾക്കെതിരെ പ്രതികരിച്ചു. ശക്തമായ പൊലീസ് കാവലിൽ ചന്ദ്രനെ ഉടൻ മടക്കികൊണ്ടു പോകുകയും ചെയ്തു. മൃതദേഹങ്ങൾ ഉച്ചയ്‌ക്ക് രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ലേഖയുടെ സഹോദരി സിന്ധുവിന്റെ മകൻ ശ്യാമാണ് മരണാനന്തര കർമ്മങ്ങൾ നടത്തിയത്. വീട് പൂട്ടി സീൽ ചെയ്ത പൊലീസ് ആരെയും വീട്ടിൽ തുടരാൻ അനുവദിച്ചില്ല.

വിഷം തന്ന് കൊല്ലാൻ നോക്കി

സ്ത്രീധനത്തിന്റെ പേരിൽ വിഷംതന്ന് കൊല്ലാൻ നോക്കിയെന്നും നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ജപ്തി ഒഴിവാക്കാൻ ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. വസ്തു വിൽക്കാൻ കൃഷ്ണമ്മ അനുവദിച്ചില്ല. ജപ്‌തി നോട്ടീസ് ലഭിച്ചപ്പോൾ ഭർത്താവിന്റെ മന്ത്രവാദ തറയിൽ കൊണ്ടുപോയി പൂജിച്ചു. പുരയിടത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നുണ്ട്. ജപ്തിയൊക്കെ ദൈവങ്ങൾ നോക്കിക്കൊള്ളുമെന്നാണ് കൃഷ്ണമ്മ പറഞ്ഞിരുന്നത്. കല്യാണം കഴിഞ്ഞ നാൾ മുതൽ കൃഷ്ണമ്മ തന്നെ പീഡിപ്പിക്കുകയായിരുന്നു. ഒരു സ്വസ്ഥതയും തന്നിരുന്നില്ലെന്നും കുറിപ്പിലുണ്ട്. എന്നാൽ ബാങ്ക് അധികൃതർ പീഡിപ്പിച്ചതായി പറയുന്നില്ല.