തിരുവനന്തപുരം: ഇന്നലെ രാവിലെ വരെ കനറാ ബാങ്കിനെതിരെയുള്ള പ്രതിഷേധത്തിൽ എരിയുകയായിരുന്നു മാരായമുട്ടം മലയിക്കട നിവാസികൾ. എന്നാൽ ഫോറൻസിക് വിദഗ്ദ്ധരും പൊലിസിന്റെയും വിശദമായ തെളിവെടുപ്പിൽ ചന്ദ്രന്റെ വീട്ടിൽനിന്നു ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ അവരുടെ രോഷം ഒരു വേള നടുക്കമായി മാറി. കനറാ ബാങ്കിനെതിരെയുള്ള രോഷം ചന്ദ്രനും അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കും എതിരെയുള്ള പ്രതിഷേധാഗ്നിയായി. ബാങ്ക് അധികൃതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക യൂണിറ്റുകൾ പരിസരത്ത് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ വരെ മാറ്റി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ലേഖയുടെയും മകൾ വൈഷ്ണവിയുടെയും പോസ്റ്റുമോർട്ടം. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഉച്ചയ്ക്ക് ഒന്നോടെയാണ് മഞ്ചവിളാകത്തെ വീട്ടിൽ എത്തിച്ചത്. അതിനകം വീടും പരിസരവും ലേഖയെയും മകളെയും അവസാനമായി ഒരുനോക്ക് കാണാൻ എത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. ലേഖയുടെ മുഖത്തിന്റെ കുറച്ച് ഭാഗം മാത്രമേ പൊതുദർശനത്തിന് വന്നപ്പോൾ കാണിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വൈഷ്ണവിയുടെ മുഖമുൾപ്പെടെ പൂർണമായി മറച്ചിരുന്നു. വൈഷ്ണവിയുടെ മൃതദേഹം കണ്ടതോടെ കൂട്ടുകാരികൾ പൊട്ടിക്കരഞ്ഞു. കൂട്ടുകാരിയുടെ പേര് ചൊല്ലിയുള്ള നിലവിളി ഹൃദയഭേദകമായിരുന്നു. നാടിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. ഇതിനിടയിൽ ലേഖയുടെ സഹോദരി സിന്ധുവിനെ ബന്ധുക്കൾ മൃതദേഹങ്ങൾക്ക് അരികിൽ എത്തിച്ചു. 'നീ എന്തിനാടി പിള്ളേം കൊണ്ടുപോയെ, ഇത്രയൊക്കെ സഹിച്ചില്ലേടീ' എന്ന് പറഞ്ഞ് നിലവിളിച്ച ബിന്ദുവിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
ഏറ്റവും ഒടുവിലാണ് ബന്ധുക്കൾ സമ്മതം അറിയിച്ചതോടെ ചന്ദ്രനെ മൃതദേഹം കാണിക്കാൻ പൊലീസ് കൊണ്ടുവന്നത്. ചന്ദ്രനെ മാത്രമേ കാണാൻ അനുവദിക്കൂവെന്നും പൊലീസ് കസ്റ്റഡിയിൽ എടുത്ത ബാക്കിയുള്ളവരെ അനുവദിക്കില്ലെന്നും ബന്ധുക്കൾ നിബന്ധന വച്ചിരുന്നു. തുടർന്ന് കനത്ത സുരക്ഷയിൽ ചന്ദ്രനെ വീട്ടുമുറ്റത്ത് എത്തിച്ചു.
വീട്ടുവളപ്പിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സി.പി.എം ഏരിയ സെക്രട്ടറി കടകുളം ശശി, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ, വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ബേബി, ഐ. സുരജാദേവി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുൾപ്പെടെ വൻ ജനാവലി അന്ത്യോപചാരമർപ്പിച്ചു.
മണ്ണെണ്ണ ഗന്ധം വിട്ടുപോകാതെ വൈഷ്ണവിഭവൻ
മണ്ണെണ്ണയുടെയും ശരീരം പൊള്ളിയതിന്റെയും ഗന്ധം ഇനിയും മാറിയിട്ടില്ല വൈഷ്ണവി ഭവനിൽ. ഹാളിനോട് ചേർന്നുള്ള മുറിയിലാണ് വൈഷ്ണവിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. മുറിയുടെ വാതിൽ തുറക്കുന്ന ഭാഗത്തെ ഭിത്തിയിൽ 'എന്റെയും മോളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്' എന്ന് കരികൊണ്ടെഴുതിയിരുന്നു. കട്ടിലിൽ കിടക്കുന്ന ഭാഗത്തെ ചുമരിൽ നല്ല ഉയരത്തിലാണ് കടലാസിൽ എഴുതി ആത്മഹത്യക്കുറിപ്പ് ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്. പുകയേറ്റ നിലയിലായിരുന്നു കുറിപ്പ്. കത്തിപ്പോകരുതെന്ന ഉദ്ദേശ്യത്തോടെയാണ് നല്ല ഉയരത്തിൽ ആത്മഹത്യക്കുറിപ്പ് ഒട്ടിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ ഫോറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. പരിശോധനയ്ക്കു ശേഷം പൊലീസ് വീട് അടച്ച് സീൽ വച്ചു. സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടുമുറ്റത്ത് ആരെയും തുടരാൻ അനുവദിച്ചില്ല.