തിരുവനന്തപുരം: ബാങ്കിന്റെ ജപ്‌തി ഭീഷണിയാണ് ലേഖയുടെയും മകളുടെയും ആത്മഹത്യയ്ക്കുള്ള കാരണമെന്ന ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെയും വാദം പൊളിച്ചത് ഈ ആത്മഹത്യാക്കുറിപ്പാണ്.
ആ കുറിപ്പ് ഇങ്ങനെ:
കൃഷ്ണമ്മ (ഭർത്താവിന്റെ അമ്മ), ഭർത്താവ് (ചന്ദ്രൻ), കാശി, ശാന്ത (ബന്ധുക്കൾ) എന്നിവരാണ് മരണത്തിന് ഉത്തരവാദികൾ. ഞാൻ ഈ വീട്ടിൽ വന്നകാലം മുതൽ അനുഭവിക്കുകയാണ്. ഈ ലോകം മുഴുവൻ എന്നെയും മകളെയും പറ്റി പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം നടത്തി. അവസാനം എന്നെ എന്റെ വീട്ടിൽ കൊണ്ടുവിട്ടു. കൃഷ്ണമ്മ കാരണം എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടുന്നതുവരെ എന്നെയും മകളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നതു നിന്നെയും നിന്റെ മകളെയും കൊല്ലുമെന്നാണ്. കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും തടസമായത് കൃഷ്ണമ്മയാണ്. ഇവിടെ ആൽത്തറയുണ്ട് ,അവർ നോക്കിക്കോളും ,നീ ഒന്നും പേടിക്കേണ്ട അവർ വസിക്കുന്ന മണ്ണ് അവർ നോക്കിക്കോളും എന്നു പറഞ്ഞു മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ ഒരു പൈസയും നാട്ടുകാരുടെ കയ്യിൽനിന്ന് ഞാൻ വാങ്ങിയിട്ടില്ല. ഭർത്താവ് വിദേശത്തുനിന്ന് അയച്ച പൈസ ബാങ്കിലും പിന്നെ പലിശയും കൊടുത്തു. 22,000 രൂപയായിരുന്നു ഭർത്താവിന്റെ ശമ്പളം. രണ്ടു ലോൺ പിന്നെ പലിശക്കാർ. ഞാൻ എന്തു ചെയ്തു എന്നു ഭർത്താവിന് അറിയാം.
9 മാസം ആയി ഭർത്താവു വിദേശത്തു നിന്നു വന്നിട്ട്. ജപ്തി നോട്ടിസ് വന്നിട്ടും പത്രത്തിൽ ജപ്തിയുടെ പരസ്യം ഇട്ടിട്ടും ഭർത്താവ് ബാങ്കിലേക്കു പോയില്ല. ബാങ്കിൽനിന്ന് അയച്ച പേപ്പർ ആൽത്തറയിൽ പൂജിക്കുകയാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന സ്ഥാനം എനിക്ക് തന്നിട്ടില്ല. മന്ത്രവാദി പറയുന്നതു കേട്ട് എന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യും. അമ്മയുടെ മുന്നിൽ ആളാകാൻ മകൻ എന്തും ചെയ്യും. എനിക്കും എന്റെ മകൾക്കും ആഹാരം കഴിക്കാൻപോലും അവകാശമില്ല. ഈ വീട്ടിൽ മന്ത്രവാദം നടത്താറുണ്ട്. ശാന്ത ചന്ദ്രനെകൊണ്ട് വേറെ പെണ്ണ് കെട്ടിക്കാൻ നോക്കുകയാണ്. മോൾക്ക് 18 വയസായി. ശാന്തയ്ക്ക് എന്തിന്റെ സൂക്കേട് ആണെന്ന് അറിയില്ല. നാട്ടുകാർ അറിയണം എന്റെയും മകളുടെയും മരണകാരണം ഈ നാലുപേർക്കും ആണ്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രൻ.
എന്ന്
ലേഖ
വൈഷ്ണവി
ഞങ്ങളെ ജീവിക്കാൻ ഈ നാലുപേരും അനുവദിക്കില്ല