pinarayi-vijayan

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തി ഉത്തരവ് ഇറക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്റി നിതിൻ ഗഡ്കരിക്ക് അയച്ച കത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ ആവശ്യപ്പെട്ടു.

മേയ് 2​ന് ദേശീയപാതാ അതോറി​ട്ടി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാത വികസനം രണ്ടാം വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരിക്കയാണ്. മേയ് 9​ന് ദേശീയപാത അതോറിട്ടി മ​റ്റൊരു വിജ്ഞാപനം ഇറക്കിയെങ്കിലും ആദ്യ വിജ്ഞാപനം പിൻവലിച്ചിട്ടില്ല. രണ്ടാം വിഭാഗത്തിൽ വരുന്ന പദ്ധതികൾക്ക് വീണ്ടും അംഗീകാരം തേടണമെന്ന നിർദ്ദേശമാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ദേശീയപാത വികസനം പൂർത്തിയാക്കാൻ കേരളം നീണ്ടകാലം കാത്തിരിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് പുതിയ വിജ്ഞാപനവും നൽകുന്നത്. ആദ്യവിജ്ഞാപനം കേന്ദ്രസർക്കാർ തിരുത്തുമെന്ന പ്രതീക്ഷ മാദ്ധ്യമ വാർത്തകളെ തുടർന്ന് ഉണ്ടായിരുന്നു. എന്നാൽ പുതിയ വിജ്ഞാപനം കേരള ജനതയെ കടുത്ത നിരാശയിലാക്കിയിരിക്കയാണ്.

കേരളത്തിലെ എൻ.എച്ച് 66​ന്റെ വികസനത്തിന് കേന്ദ്രത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർന്ന പരിഗണനയാണ് നൽകിയിരുന്നത്. എൻ.എച്ച് 66​ൽ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കൽ 2016​ൽ തന്നെ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഭൂമി ഏ​റ്റെടുക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നു. സ്ഥലമെടുപ്പിനുള്ള 3​എ വിജ്ഞാപനം 90 ശതമാനത്തിലേറെയായി. 3​ഡി വിജ്ഞാപനം 68 ശതമാനത്തിലധികം പൂർത്തിയായി. ഈ ഘട്ടത്തിൽ സ്ഥലമെടുപ്പ് നിറുത്തിവയ്ക്കുന്നത് കേരള ജനതയുടെ പ്രതീക്ഷകൾ തകിടം മറിക്കും.