തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) മുൻ ചെയർമാൻ കെ.എം.മാണിയുടെ അനുസ്‌മരണ ചടങ്ങിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത് നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വിലക്കി. പാർട്ടിയുടെ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി. മനോജിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
കേരള കോൺഗ്രസ് (എം) പാർട്ടി, വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എന്നിവരാണ് എതിർ കക്ഷികൾ. പാർട്ടി ഭരണഘടനയ്‌ക്ക് വിധേയമായല്ലാതെ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന് കോടതിയുടെ കർശന നിർദ്ദേശമുണ്ട്. ജനറൽ സെക്രട്ടറിയുടെ സർക്കുലർ പ്രകാരമുള്ള മുൻ ചെയർമാന്റെ അനുസ്മരണം അല്ലാതെ ഒരു ഒൗദ്യോഗിക നടപടികളും പാടില്ല.
വർക്കിംഗ് ചെയർമാനെ ചെയർമാനായി തെരഞ്ഞെടുക്കാൻ വളഞ്ഞ വഴിയിലൂടെ ചിലർ ശ്രമിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. ഇതിനായി ചിലർ ഒപ്പ് ശേഖരിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് ജനറൽ സെക്രട്ടറി സർക്കുലറിലൂടെ അനുസ്‌മരണ ചടങ്ങിന് എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും ക്ഷണിച്ചതെന്നും ഇത് സംശയകരമാണെന്നും ഹർജിയിലുണ്ട്.