തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ മെരിറ്ര് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ സർക്കാർ ഇതുവരെ തുടങ്ങിയില്ല. 122 സ്വാശ്രയ കോളേജുകളിൽ ആറായിരം ബി.എസ്‌സി നഴ്സിംഗ് സീറ്റുകളാണുള്ളത്. ഇതിൽ പകുതി സീറ്റുകളിൽ മെരിറ്റിൽ സർക്കാരിന് പ്രവേശനം നടത്താവുന്നതാണ്. മാനേജ്മെന്റ്, എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് സ്വാശ്രയ മാനേജ്മെന്റുകൾ നടപടി തുടങ്ങിയിട്ടും സർക്കാർ അനങ്ങുന്നില്ല.
ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയില്ല. മെരിറ്റ് പരിഗണിച്ചുള്ള പ്രവേശനമാണ്. കോളേജുകളുടെയും സീറ്റുകളുടെയും പട്ടിക സഹിതം അലോട്ട്മെന്റിന് എൽ.ബി.എസിനെ ചുമതലപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. മുൻവർഷം എൻട്രൻസ് കമ്മിഷണറെ പ്രവേശനത്തിന് ചുമതലപ്പെടുത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത് ആശയക്കുഴപ്പമുണ്ടായതിനാൽ എൽ.ബി.എസ് സ്വമേധയാ നടപടികൾ തുടങ്ങില്ല. അലോട്ട്മെന്റ് നടപടികൾ നീണ്ടുപോയാൽ മികച്ച വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിൽ പ്രവേശനം നേടുമെന്ന് സ്വാശ്രയ മാനേജ്മെന്റുകൾ പറയുന്നു.
ബി.എസ്‌സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 63,500 രൂപയാണ് ഫീസ്. മറ്റ് ഫീസ് ഇനത്തിൽ 17,000 രൂപയും ഈടാക്കാം. എൻ.ആർ.ഐ ക്വോട്ടയിൽ 93,000 രൂപയാണ് വാർഷിക ഫീസ്. എം എസ് സി നഴ്‌സിംഗിന് ഒരുലക്ഷം രൂപ ട്യൂഷൻ ഫീസും 50,000 രൂപ സ്‌പെഷ്യൽ ഫീസും ഈടാക്കാം. എൻ.ആർ.ഐ ക്വോട്ടയിൽ കൂടുതൽ ഫീസ് പാടില്ലെന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്.