തിരുവനന്തപുരം: വൈഷ്ണവീ.. എന്നു പേരു ചൊല്ലി വിളിച്ചുള്ള കൂട്ടുകാരികളുടെ കരച്ചിൽ കണ്ടുനിന്നവരെയാകെ കണ്ണീരിലാഴ്ത്തി. 'എടീ നമ്മുടെ വൈഷ്ണവി.. ' എന്നു പരസ്പരം കെട്ടിപ്പിടിച്ച് പറഞ്ഞ് കൂട്ടുകാരിയുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്ന് അലമുറയിടുകയാണ് സ്‌നേഹയും സജിയും അഞ്ജുവും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്ക് മാരായമുട്ടത്തെ വീട്ടുമുറ്റത്ത് എത്തിച്ചപ്പോഴാണ് വൈഷ്ണവിയുടെ സഹപാഠികൾ സകല നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞത്.
പനച്ചമൂട് വൈറ്റ് മെമ്മോറിയൽ വിമെൻസ് കോളേജിലെ യൂണിയൻ വൈസ് ചെയർപേഴ്സണും ക്ലാസ് ലീഡറും, എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന മിടുക്കിയുമായ വൈഷ്ണവിയുടെ മുഖമാണ് കൂട്ടുകാരികളുടെ മനസിൽ തെളിഞ്ഞുനിൽക്കുന്നത്. കരാട്ടെ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ അവർ ഒരു ഓമനപ്പേരിട്ടു, കരാട്ടെ വൈഷ്ണവി. ''നന്നായി പഠിക്കും. അമ്മയായിരുന്നു അവൾക്ക് എല്ലാം''. കൂട്ടുകാരിയായ സ്‌നേഹ ഓർമ്മിക്കുന്നു. 'ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നു. അതിനിടയിലും ബി.കോം പഠനവുമായും മുന്നോട്ടുപോയി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസടച്ചിരുന്നു. ഒരിക്കലും വീട്ടിലോട്ട് അവൾ ക്ഷണിച്ചിരുന്നില്ല. പ്രശ്നമാണെന്ന് മാത്രം പറയും. വീട് വിൽക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. കടം കാരണമാണെന്നും പറഞ്ഞു. എന്നാൽ അവൾ ഇത്രയും പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി തോന്നുമായിരുന്നില്ല. അമ്മയെക്കുറിച്ച് ഒത്തിരി സംസാരിക്കും. അച്ഛനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. വളരെ സ്മാർട്ടായിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുകയും സങ്കടം വരികയും ചെയ്യും. ചെറുതായി പിണങ്ങിയാലും വൈഷ്ണവി ഉടൻ അടുത്തുവന്ന് പിണക്കം അവസാനിപ്പിക്കും. അവസാനമായി കോളേജിൽവച്ച് കണ്ടപ്പോൾ 'ഞാനിനി വരില്ലെന്ന് പറഞ്ഞ്' അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. ബി.കോം പഠനം അവസാനിപ്പിച്ച് മെഡിക്കൽ എൻട്രൻസ് എഴുതാൻ പോകുന്ന കാര്യമാണ് അവൾ ഉദ്ദേശിച്ചത്. പക്ഷേ, അതിങ്ങനെയാകുമെന്ന്... ' സ്‌നേഹയുടെയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളുടെയും വാക്കുകൾ മുറിഞ്ഞു. കോളേജിൽ നിന്ന് യാത്ര പറഞ്ഞ് പോയതിനുശേഷം വാട്സ് ആപ്പിൽ സംസാരിച്ചിരുന്നു. അതെല്ലാം കുശലാന്വേഷണം മാത്രമായിരുന്നു. വീട്ടിലെ പ്രശ്നങ്ങളെപ്പറ്റി ഒരു സൂചന പോലും നൽകിയിരുന്നില്ല.
ശരീരമാകെ വെള്ളത്തുണി പൊതിഞ്ഞ് വീട്ടുമുറ്റത്ത് കിടത്തിയിരുന്ന പ്രിയകൂട്ടുകാരിയുടെ മുഖം അവസാനമായി ഒന്നു കാണാൻപോലും കഴിയാത്ത ആവലാതിയിലാണ് അവർ റോഡിലേക്കിറങ്ങി നടന്നത്.