തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരം പരിശോധിക്കാൻ മന്ത്റി കെ.ടി. ജലീൽ വിളിച്ചചേർത്ത സ്വയംഭരണ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗത്തിൽ തീരുമാനം. 19 സ്വയംഭരണ കോളേജുകളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാര പരിശോധനയ്ക്കുള്ള വിവരശേഖരണത്തിന് യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി.
2014ലാണ് കോളേജുകൾക്ക് സ്വയംഭരണപദവി കേരളത്തിൽ ലഭിച്ചത്. 2016 ൽ ആദ്യ ബാച്ച് പി.ജി വിദ്യാർത്ഥികളും 2017ൽ ആദ്യബാച്ച് ബിരുദ വിദ്യാർത്ഥികളും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരിൽ എത്രപേർക്ക് തൊഴിൽ ലഭ്യമായി, തുടർ പഠനങ്ങൾക്ക് ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളിൽ അവസരം ലഭിച്ചവർ എത്ര,നെറ്റ്, പിഎച്ച്.ഡി തുടങ്ങിയ യോഗ്യതകൾ എത്രപേർ നേടി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചാണ് അക്കാഡമിക് ഗുണനിലവാര പരിശോധന നടത്തുക.
ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലെ നിയമന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്റ്യം അനുവദിക്കണമെന്ന് സ്വയംഭരണ കോളേജുകളുടെ മാനേജർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. കൂടുതൽ കോഴ്‌സുകൾ തുടങ്ങുന്നതിന് അനുമതി വേണമെന്ന ആവശ്യവും ഉയർന്നു. സർവകലാശാലകളും സ്വയംഭരണ കോളേജുകളും ശത്രുരാജ്യങ്ങളെപ്പോലെ പെരുമാറുന്ന അവസ്ഥയാണുള്ളതെന്നും ഇത് ഏതു തരത്തിലുള്ള ഗുണമാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുകയെന്ന് പരിശോധിക്കണമെന്നും മന്ത്റി പറഞ്ഞു. സ്വയംഭരണ കോളേജുകളിൽനിന്നും കോളേജുകളെക്കുറിച്ചും ഉയർന്ന പരാതികൾ പരിശോധിക്കുന്നതിന് മന്ത്റി ചെയർമാനായ ഓട്ടോണമസ് അപ്രൂവൽ കമ്മിറ്റി 31ന് യോഗം ചേരും. സ്വയംഭരണകോളേജുകളുള്ള സർവകലാശാലകളിലെ വി.സിമാർ ഈ സമിതിയിലെ അംഗങ്ങളാണ്. യോഗത്തിൽ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, സ്വയംഭരണ കോളേജ് മാനേജുമെന്റുകളുടെ കൺസോർഷ്യം സെക്രട്ടറി ഫാ. റോയി എബ്രഹാം എന്നിവർ പങ്കെടുത്തു.