തിരുവനന്തപുരം: എറണാകുളം ചൂർണിക്കരയിൽ നിലം നികത്താൻ വ്യാജരേഖ ചമച്ച സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉദ്യോസ്ഥർക്ക് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഉത്തരവ് നൽകി. നിലം പുരയിടമാക്കലുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും നിർദ്ദേശിച്ചു. ചൂർണിക്കര മാതൃകയിൽ നിലം പുരയിടമാക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റു സ്ഥലങ്ങളിൽ നടന്നിട്ടുണ്ടോയെന്നാകും പരിശോധിക്കുക. ഇതിനായി വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ട് എസ്.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇപ്രകാരം നടന്നിട്ടുണ്ടെങ്കിൽ കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം നടത്താനാണു നിർദ്ദേശം.
ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ വ്യാജരേഖ ചമച്ച ലാൻഡ‌് റവന്യു കമ്മിഷണറേറ്റിലെ ഓഫീസ‌് അസിസ‌്റ്റന്റ‌് കെ. അരുൺകുമാർ, ഇടനിലക്കാരൻ അബു എന്നിവരെ പ്രതിയാക്കിയാകും വിജിലൻസ് ആദ്യം കേസ് രജിസ്‌റ്റർ ചെയ്യുക. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ‌് കേസെടുക്കുക. പൊലീസ‌് അറസ‌്റ്റ‌് ചെയ‌്ത അരുണിനെ സർവീസിൽ നിന്നു സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അബുവും ജയിലിലാണ്.
ദേശീയ പാതയോട‌് ചേർന്ന‌് കോടികൾ വിലയുള്ള 71 സെന്റ‌് തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ കമ്മിഷണറേറ്റിലെ ഉത്തരവിന്റെ വ്യാജ രേഖയുണ്ടാക്കിയതിന‌് ആലുവ ഈസ‌്റ്റ‌് പൊലീസ‌് കേസെടുത്തിരുന്നു. അന്വേഷണത്തിൽ അരുണാണ‌് വ്യാജ ഉത്തരവിൽ കമ്മിഷണറേറ്റിലെ സീലും ഒപ്പും വച്ചതെന്ന‌് കണ്ടെത്തി. 30,000 രൂപയാണ‌് അരുണിന‌് പ്രതിഫലമായി അബു നൽകിയത‌്. അബുവിന്റെയും അരുണിന്റെയും നേതൃത്വത്തിൽ ജില്ലയിൽ സമാനമായ രീതിയിൽ വ്യാജരേഖ നിർമിച്ചിട്ടുണ്ടോയെന്നും വിജിലൻസ‌് പരിശോധിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.
വിജിലൻസ് എറണാകുളം റേഞ്ച് എസ്.പി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.എം. വർഗീസാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക റിപ്പോർട്ടിൽ ചൂർണിക്കരയിൽ വ്യാപക ക്രമക്കേട് നടന്നതായി വ്യക്തമായി. തുടർന്ന് ഐ.ജി എച്ച്. വെങ്കടേഷിന്റെ നേതൃത്വത്തിൽ പരിശോധിച്ചു കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ സമർപ്പിക്കുകയായിരുന്നു.