തിരുവനന്തപുരം: പൊലീസുകാരുടെ തപാൽവോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിയുള്ള റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്‌ക്ക് കൈമാറി. വോട്ടെണ്ണൽ ദിനമായ 23-ന് രാവിലെ എട്ടുവരെ തപാൽ ബാലറ്റ് കൈമാറാൻ സമയമുള്ളതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാണ് റിപ്പോർട്ടിൽ പ്രധാനമായി പറയുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ തപാൽ വോട്ട് ക്രമക്കേട് വ്യക്തമായിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കേസെടുക്കുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്‌തതായും റിപ്പോർട്ടിൽ പറയുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്നലെ ചെന്നൈയിലായിരുന്നതിനാൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ ഓഫിസിൽ എത്തിക്കുകയായിരുന്നു. മീണ ഇന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
ആരോപണ വിധേയർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദർശനൻ ക്രൈംബ്രാഞ്ച് മേധാവി വഴി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, തപാൽ വോട്ട് ക്രമക്കേട് നിയമനടപടി മാത്രമായി ചുരിങ്ങിയേക്കും. വോട്ടെണ്ണലിനു മുമ്പ് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഇതുസംബന്ധിച്ച് തുടർനടപടികളുണ്ടാകില്ല. അതുകൊണ്ടുതന്നെ വോട്ടെണ്ണലിനു മുമ്പേ വീണ്ടും പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്‌ത് വീണ്ടും വോട്ട് ചെയ്യുന്നതിനോ പൊലീസുകാരുടെ തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവയ്ക്കുന്നതിനോ സാധ്യതയില്ല.