ഇംഗ്ളണ്ടിലും വെയിൽസിലുമായി ഐ.സി.സി ഏകദിന ലോകകപ്പിന് കൊടിയേറാൻ 14 നാളുകൾ കൂടി മാത്രം. 2011ൽ ധോണിപ്പട നേടിയെടുത്ത കിരീടം ഒരിക്കൽക്കൂടി ഇന്ത്യയിലെത്തിക്കാൻ കൊഹ്‌ലിയും കൂട്ടരും യാത്രയ്ക്കൊരുങ്ങുന്നു. ഈ ലോക കപ്പിലെ ഇന്ത്യൻ ടീമിനെയും സാദ്ധ്യതകളെയും കുറിച്ച്:
ഏകദിന, ട്വന്റി - 20 ഫോർമാറ്റുകളിൽ എന്നും ബാറ്റിംഗാണ് ഇന്ത്യയുടെ ശക്തി. ഇക്കുറി ഇംഗ്ളണ്ടിൽ സാഹചര്യങ്ങൾ ബൗളർമാർക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രവചനം. ബാറ്റിംഗ് ദുഷ്കരമാകുന്ന പിച്ചുകളും ജൂൺ - ജൂലായിലെ കാലാവസ്ഥയും ഇന്ത്യൻ ടീമിന്റെ സാദ്ധ്യതകൾക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തിൽ മികച്ച ബാറ്റ്‌സ്‌മാൻമാർ ടീമിലുണ്ടാവുകയാണ് പ്രധാനം. ഇത് കണക്കിലെടുത്ത് സെലക്ടർമാർ 15 അംഗ ടീമിലേക്ക് ഏഴ് സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാൻമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരിൽ നിന്ന് ആരൊക്കെ പ്ളേയിംഗ് ഇലവയിലേക്ക് എത്തുമെന്നത് പിച്ച് എതിരാളികൾ എന്നിവരെ ആശ്രയിച്ചിരിക്കും.
ഇന്ത്യൻ ടീം ഘടന
സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻമാർ
1. വിരാട് കൊഹ്‌ലി
2. രോഹിത് ശർമ്മ
3. ശിഖർ ധവാൻ
4. മഹേന്ദ്രസിംഗ് ധോണി
5. കേദാർ യാദവ്
6. കെ.എൽ. രാഹുൽ
7. ദിനേഷ് കാർത്തിക്
ആൾ റൗണ്ടർമാർ
1. ഹാർദിക് പാണ്ഡ്യ
2. വിജയ് ശങ്കർ
3. രവീന്ദ്ര ജഡേജ
പേസർമാർ
1. ജസ്‌പ്രീത് ബുംറ
2. ഭുവനേശ്വർ കുമാർ
3. മുഹമ്മദ് ഷമി
സ്പിന്നർമാർ
1. കുൽദീപ് യാദവ്
2. യുസ്‌വേന്ദ്ര ചഹൽ
1 & 2
ഓപ്പണിംഗിൽ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ഒരു ഇടത് വലത് കൂട്ടുകെട്ടാണുള്ളത്. ശിഖർ ധവാനും രോഹിത് ശർമ്മയും. വർഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നവർ. ദീർഘമായ ഇന്നിംഗ്സുകൾ കളിക്കാൻ കഴിവുള്ളവർ. ഐ.പി.എല്ലിൽ ഇരുവരും മികച്ച ഫോമിലായിരുന്നു. 2013ൽ ഇംഗ്ളണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ തുടർ സെഞ്ച്വറികളുമായാണ് ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചതുതന്നെ. രോഹിത് ഫോമിലെത്തിയാൽ ആർക്കും തടുക്കാനാകാത്ത ബാറ്റ്‌സ്‌മാനാണ്.
3
ഫസ്റ്റ് ഡൗൺ പൊസിഷനിൽ ക്യാപ്ടൻ വിരാട് കൊഹ്‌ലി തന്നെ ഇറങ്ങും. ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനെന്ന വിശേഷണവുമായാണ് കൊഹ്‌ലി ടീമിനെ നയിച്ചെത്തുന്നത്. വെറും 227 ഏകദിനങ്ങളിൽ നിന്ന് 10843 റൺസ് തികച്ച താരമാണ് കൊഹ്‌ലി. ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ ടീമിലംഗമായ കൊഹ്‌ലിയുടെ മൂന്നാമത്തെ ലോകകപ്പാണിത്. 2011ൽ വിജയ കിരീടം നേടിയ ധോണിപ്പടയിൽ അംഗമായിരുന്നു. നായകനെന്ന നിലയിലെ ആദ്യ ലോകകപ്പ്.
4
ടൂർണമെന്റിന് മുമ്പ് ഈ പൊസിഷനിൽ ആരാണ് ഇറങ്ങുക എന്നതിനെക്കുറിച്ചു മാത്രമായിരുന്നു ചർച്ച. സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാനെയും ആൾ റൗണ്ടർമാരെയുമൊക്കെ നാലാം നമ്പരിലേക്ക് പലരും നിർദ്ദേശിച്ചു. ഇപ്പോൾ ടീമിലുള്ളവരിൽ കെ.എൽ. രാഹുൽ, വിജയ് ശങ്കർ, കേദാർ യാദവ്, ധോണി, ദിനേഷ് കാർത്തിക് എന്നിങ്ങനെ ആർക്ക് വേണമെങ്കിലും സ്വീകരിക്കാവുന്ന പൊസിഷൻ 15 അംഗ ടീമിൽ ഏറ്റവും കൂടുതൽ പേർക്ക് ഇണങ്ങുന്നത് നാലാം നമ്പർ പൊസിഷൻ തന്നെ.
5
മഹേന്ദ്രസിംഗ് ധോണിയാകും ഈ പൊസിഷനിൽ ഇറങ്ങാൻ സാദ്ധ്യത. ഇംഗ്ളണ്ടിലെ പിച്ചുകളിൽ മൂന്നോ അതിലധികമോ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായാൽ നങ്കൂരമിട്ട് നിൽക്കാൻ പരിചയ സമ്പന്നനായ ഒരു ബാറ്റ്‌സ്‌മാൻ കൂടിയേ തീരൂ. മത്സരങ്ങൾ നന്നായി ഫിനിഷ് ചെയ്യേണ്ട ചുമതലയും ഈ പൊസിഷനിലിറങ്ങുന്നവർക്ക് വന്നുചേരും.
6
സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാനായ കേദാർ യാദവിനെയാവും ഈ പൊസിഷനിലേക്ക് പരിഗണിക്കാൻ കൂടുതൽ സാദ്ധ്യത. കേദാറിന് പരിക്കിൽ നിന്ന് മോചിതനാകാൻ കഴിഞ്ഞില്ലെങ്കിൽ ഋഷഭ് പന്തിനെയോ അക്ഷർ പട്ടേലിനെയോ പരിഗണിച്ചേക്കും.
7
പേസ് ബൗളിംഗ് ആൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയ്ക്ക് അനുയോജ്യമായ പൊസിഷൻ. ഫിനിഷിംഗാണ് പ്രധാന ഉത്തരവാദിത്വം. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടതുണ്ട്. ഐ.പി.എല്ലിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ഹാർദിക്കിന് ഈ ചുമതല ഏറ്റെടുക്കാനാകുമെന്ന് സെലക്ടർമാർ കരുതുന്നു.
8-11
വാലറ്റക്കാരിൽ മികച്ച ഒരു ബാറ്റ്‌സ്‌മാനെ കണ്ടെത്തണമെങ്കിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തേണ്ടി വരും. നാലാം നമ്പരിൽ ആർക്കാണ് അവസരം എന്നതുകൂടി കണക്കാക്കിയാകും ഇക്കാര്യത്തിൽ തീരുമാനം. ചില മത്സരങ്ങളിൽ മൂന്ന് പേസർമാരെ ഇന്ത്യ ഇറക്കിയേക്കാം. അങ്ങനെയെങ്കിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർക്കേ അവസരമുണ്ടാകൂ.
ഇവർ ഇന്ത്യയുടെ ബാറ്റിംഗ് സ്പെഷ്യലിസ്റ്റുകൾ
വിരാട് കൊഹ്‌ലി
227 ഏകദിനങ്ങൾ
10843 റൺസ്
59.57 ശരാശരി
92.96 സ്ട്രൈക്ക്റേറ്റ്
41 സെഞ്ച്വറികൾ
49 അർദ്ധ സെഞ്ച്വറികൾ
ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാൻമാരിൽ ഒരാൾ. മൂന്നാമത്തെ ലോകകപ്പ് ക്യാപ്ടനായി ആദ്യ ലോകകപ്പ്
രോഹിത് ശർമ്മ
206 മത്സരങ്ങൾ
8010 റൺസ്
47.39 ശരാശരി
87.95 സ്ട്രൈക്ക് റേറ്റ്
22 സെഞ്ച്വറികൾ
41 അർദ്ധ സെഞ്ച്വറികൾ
ഏകദിനത്തിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയ ആദ്യ ബാറ്റ്‌സ്‌മാനാണ് രോഹിത് ശർമ്മ.
ശിഖർ ധവാൻ
128 ഏകദിനങ്ങൾ
5355 റൺസ്
44.62 ശരാശരി
93.79 സ്ട്രൈക്ക് റേറ്റ്
16 സെഞ്ച്വറികൾ
27 അർദ്ധ സെഞ്ച്വറികൾ
സ്ഥിരത പുലർത്താൻ പ്രയാസമാണെന്നതൊഴിച്ചാൽ ഇംഗ്ളീഷ് സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങാൻ സാദ്ധ്യതയുള്ള ബാറ്റ്സ്‌മാൻ.
ധോണി
341 ഏകദിനങ്ങൾ
10500 റൺസ്
50.72 ശരാശരി
87.55 സ്ട്രൈക്ക് റേറ്റ്
10 സെഞ്ച്വറികൾ
71 അർദ്ധ സെഞ്ച്വറികൾ
ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരം. രണ്ട് ലോകകപ്പുകളിൽ (2011, 2015) ഇന്ത്യയെ നയിച്ചു. 2011ൽ കിരീടം നേടിത്തന്നു.
കേദാർ യാദവ്
59 ഏകദിനങ്ങൾ
1174 റൺസ്
43.48 ശരാശരി
102.53 സ്ട്രൈക്ക് റേറ്റ്
2 സെഞ്ച്വറികൾ
5 അർദ്ധ സെഞ്ച്വറികൾ
മദ്ധ്യനിരയിൽ വിശ്വസിക്കാൻ കഴിയുന്ന ബാറ്റ്സ്‌മാൻ. അത്യാവശ്യഘട്ടങ്ങളിൽ ബൗളറായും പ്രയോജനപ്പെടുത്താം.
ദിനേഷ് കാർത്തിക്
91 ഏകദിനങ്ങൾ
1738 റൺസ്
31.03 ശരാശരി
73.70 സ്ട്രൈക്ക് റേറ്റ്
0 സെഞ്ച്വറികൾ
9 അർദ്ധ സെഞ്ച്വറികൾ
ധോണിക്ക് സ്റ്റാൻഡ് ബൈ ആകാൻ സെക്കൻഡ് വിക്കറ്റ് കീപ്പറായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ.എൽ. രാഹുൽ
14 ഏകദിനങ്ങൾ
343 റൺസ്
34.30 ശരാശരി
80.89 സ്ട്രൈക്ക് റേറ്റ്
1 സെഞ്ച്വറികൾ
2 അർദ്ധ സെഞ്ച്വറികൾ
രാഹുലിന് പ്ളേയിംഗ് ഇലവനിൽ സ്ഥാനം നൽകുന്നത് സാഹചര്യങ്ങൾ അനുസരിച്ച് മാത്രമാകും.