തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടുകോടി വിലയുള്ള സ്വർണം കടത്തിയതിന്റെ മുഖ്യകണ്ണിയായ തലസ്ഥാനത്തെ അഭിഭാഷകൻ ബിജുവിന്റെ ഭാര്യ വിനീതാ രത്നകുമാരിയെ ഡി.ആർ.ഐ പിടികൂടി ജയിലിലടച്ചു. ദുബായിൽ നിന്ന് നാലുതവണകളിലായി അഞ്ചുകിലോ വീതം സ്വർണം ഇവർ കടത്തി. വിനീതയെ 29 വരെ ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി-1 റിമാൻഡ് ചെയ്തു. ഇവരുടെ ഭർത്താവ് ബിജു ഒളിവിലാണ്. കഴക്കൂട്ടം സ്വദേശിയായ ബിജുവിനെ പിടികൂടിയാലേ സ്വർണം കടത്തിയത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാവൂ. വിനീത നിയമബിരുദധാരിയാണ്.
തിരുവനന്തപുരം ബാർ അസോസിയേഷന്റെ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന ബിജു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സ്വർണക്കടത്തിൽ അറസ്റ്റിലായ സെറീനയുടെ വിവാഹമോചന കേസ് വാദിക്കാനെത്തിയാണ് ബിജു അവരെ പരിചയപ്പെടുന്നത്. പിന്നീട് അത് ആഴത്തിലുള്ള ബന്ധമായി മാറി. പണം പലിശയ്ക്ക് നൽകുന്ന ബിസിനസ് തുടങ്ങിയതോടെ ബിജു തിരുവനന്തപുരത്ത് പ്രാക്ടീസ് നിറുത്തി. പിന്നീട് അടുത്തിടെ ആറ്റിങ്ങൽ കോടതിയിൽ ചെറിയ പ്രാക്ടീസുണ്ടായിരുന്നു.
തലസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവും ബിജുവും വഞ്ചിയൂരിൽ ഒരേ ഓഫീസിലായിരുന്നു പ്രാക്ടീസ് നടത്തിയിരുന്നത്. ബിജു അടിക്കടി വിദേശയാത്ര നടത്തിയിരുന്നതായി ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ജുവലറിക്കാർ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഡി.ആർ.ഐയ്ക്കുള്ള വിവരം. ഇയാളുടെ കൂട്ടാളിയായ അഭിഭാഷകൻ ജിത്തുവിനായും നിയമബിരുദധാരി വിഷ്‌ണുവിനായും തെരച്ചിൽ നടത്തുന്നുണ്ട്. ജിത്തു ദുബായ് കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു. നേരത്തേ അറസ്റ്റിലായ സെറീനയെയും സുനിലിനെയും ജുഡിഷ്യൽ മജിസ്ട്രേട്ട് പതിനൊന്നാം കോടതി 28 വരെ റിമാൻഡ് ചെയ്തു. എല്ലാവരെയും പൂജപ്പുര സ്പെഷ്യൽ സബ്‌ജയിലിലടച്ചു.
അറസ്റ്റിലായവർക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ജാമ്യമില്ലാ വകുപ്പായതിനാൽ തടവിൽ കിടന്ന് വിചാരണ നേരിടേണ്ടിവരും. റിമാൻഡിലായവരെ ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡി.ആർ.ഐ കൊച്ചിയിലേക്ക് കൊണ്ടുപോവും. അവിടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കും.
സ്വർണക്കടത്ത് സംഘത്തിലെ കൂടുതൽ പേർ ഉടൻ അറസ്റ്റിലാവുമെന്ന് ഡി.ആർ.ഐ അറിയിച്ചു. അഭിഭാഷകന്റെ സംഘം രണ്ടരമാസത്തിനിടെ എട്ടുതവണ സ്വർണം കടത്തി. ഒരു യാത്രയ്ക്കു ആയിരം ദിർഹമാണ് പ്രതിഫലമെന്ന് അറസ്റ്റിലായ സുനിൽ വെളിപ്പെടുത്തി. സെറീന മിക്കപ്പോഴും ദുബായിലാണ് താമസം. ഒരാഴ്ച മുൻപ് തിരുവനന്തപുരത്തെത്തിയപ്പോഴാണ് ഇപ്പോഴത്തെ സ്വർണക്കടത്ത് ആസൂത്രണം ചെയ്തത്. ദുബായിൽ ബ്യൂട്ടി പാർലർ നടത്തുന്ന സെറീനയാണ് സ്വർണം എത്തിക്കുന്നതിനു നേതൃത്വം നൽകുന്നത്. തിരുമല സ്വദേശിയായ സുനിൽകുമാർ സെറീനയ്‌ക്കൊപ്പമല്ലാതെ രണ്ട് മാസത്തിനിടെ നാല് തവണ ദുബായിൽ പോയി വന്നു.
വിനീതയ്ക്ക് സംരക്ഷണമൊരുക്കി അഭിഭാഷകർ
വിനീതയെ ഡി.ആർ.ഐ കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇവരെ കൊണ്ടുവന്ന കാർ അഭിഭാഷകർ വളഞ്ഞു. കാറിനു ചുറ്റും വലയം തീർത്ത അഭിഭാഷകരെ മാറ്റി വിനീതയെ പുറത്തിറക്കാൻ ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടു. പുറത്തിറക്കിയപ്പോൾ വിനീതയ്ക്ക് സംരക്ഷണമായി വനിതകളടക്കം അഭിഭാഷകർ വലയം തീർത്തു. മുഖം മറയ്ക്കാൻ തുണികളും ഇവർ എത്തിച്ചു. അഭിഭാഷകരുടെ സുരക്ഷിത വലയത്തിലാണ് വിനീതയെ കോടതിയിലേക്കും ജയിലിലേക്കും കൊണ്ടുപോയത്.