മാഡ്രിഡ് : സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഫ്രഞ്ച് ഫോർവേഡ് അന്റോയിൽ ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്ക് കൂടുമാറുന്നു. കഴിഞ്ഞ അഞ്ചു സീസണുകളിലായി അത്‌ലറ്റിക്കോയുടെ കുന്തമുനയാണ് ഗ്രീസ്‌മാൻ. 2023 വരെ ഗ്രീസ്‌മാൻ അത്‌ലറ്റിക്കോയുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും ക്ളബ് വിടാൻ താരം തീരുമാനിക്കുകയായിരുന്നു.
252 മത്സരങ്ങൾ അത്‌ലറ്റിക്കോയുടെ കുപ്പായത്തിൽ കളിച്ച 28 കാരനായ ഗ്രീസ്‌മാൻ 133 ഗോളുകൾ നേടിയിട്ടുണ്ട്. 2016ൽ അത്‌ലറ്റിക്കോയെ ചാമ്പ്യൻസ് ലീഗ് റണ്ണർഅപ്പുകളാക്കി. 2018ൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാരും. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ടീമിന്റെയും മുന്നണിപ്പോരാളിയായിരുന്നു.
ഹസാഡ് റയലിലേക്ക്
മാഡ്രിഡ് : ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ നിന്ന് ബെൽജിയം സ്ട്രൈക്കർ ഏദൻ ഹസാഡ് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിൽ ചേക്കേറുമെന്ന് ഉറപ്പായി. കഴിഞ്ഞ സീസൺ മുതൽ ഹസാഡ് റയലിലേക്ക് പോകുമെന്ന് വാർത്തയുണ്ടായിരുന്നു. റയൽ കോച്ചായി സിനദിൻ സിദാൻ തിരിച്ചെത്തിയതോടെ ഈ നീക്കത്തിന് ആക്കം കൂടി.
ഇനി വിശദീകരണം നൽകാനില്ലെന്ന് ലക്ഷ്മൺ
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഉപദേശക സമിതി അംഗമായിരിക്കേ ഐ.പി.എൽ ഫ്രാഞ്ചൈസി സൺറൈഡേഴ്സ് ടീമിന്റെ മെന്ററായതിലുയർന്ന ഭിന്ന താത്പര്യ വിഷയത്തിൽ എഴുതി നൽകിയ മറുപടിക്ക് ഉപരിയായി ഇനിയൊന്നും ബോധിപ്പിക്കാനില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ വി.വി.എസ്. ലക്ഷ്മൺ ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി ഓഫീസർ ജസ്റ്റിസ് ഡി.കെ. ജെയ്നിനെ അറിയിച്ചു. ലക്ഷ്മണിനൊപ്പം സച്ചിനും ഈ വിഷയത്തിൽ എത്തിക്സ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. സച്ചിനും മറുപടി എഴുതി നൽകി. ഈ മാസം 20 ന് എത്തിക്സ് ഓഫീസർ വീണ്ടും ഹിയറിംഗ് വച്ചിരിക്കുകയാണ്.