അമ്മയെന്ന വാക്കിന് അമ്മിഞ്ഞപ്പാലിനേക്കാൾ മാധുര്യവും വിശാലമായ ഒരർത്ഥവുമുണ്ട്. അമ്മയെന്നതാണ് സത്യം. അച്ഛൻ എന്നത് വിശ്വാസമാണ്. ലോകം കണ്ടിട്ടുള്ള മഹാത്മാക്കളെല്ലാം തന്നെ ഈ ലോകത്തെ കീഴ്പ്പെടുത്തിയത് സ്നേഹം കൊണ്ടാണ്. അവർക്കെല്ലാം പറയാനുള്ളത് അവരുടെ സ്നേഹത്തിനുമുമ്പിൽ എല്ലാം ഒതുങ്ങുവാനുള്ള കാരണം അമ്മ നൽകിയ സ്നേഹമാണ്, അമ്മ നൽകിയ പാഠമാണ്, അമ്മ നൽകിയ പ്രചോദനമാണ്. അതിനർത്ഥം ഒരമ്മമനസ് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ലോകം നമ്മുടെ കൈക്കുമ്പിളിലാണ്. അത്രയ്ക്ക് പരിശുദ്ധമാണ് അമ്മയുടെ മനസ്. മക്കളോടുള്ള സ്നേഹം കൊണ്ട് നിറഞ്ഞുകവിയുന്നതാണ് അമ്മയുടെ മനസ്. അമ്മയുടെ ഹൃദയവികാരമാണ് മക്കളോടുള്ള സ്നേഹം. അവിടെയാണ് ഈശ്വരൻ കുടികൊള്ളുന്നത്. ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടുവാൻ പറ്റാത്തതുകൊണ്ടാവാം ഈശ്വരൻ അമ്മമാരെ സൃഷ്ടിച്ചത്. അതോടെ ഓരോ ഈശ്വരനിൽനിന്നും മനുഷ്യൻ ജന്മമെടുത്തു. ആദ്യത്തെ ജീവന്റെ കണികയെ സൃഷ്ടിച്ചത് ഈശ്വരാണെങ്കിൽ ഇപ്പോൾ ഓരോ ജീവനെയും സൃഷ്ടിക്കുന്നത് അമ്മയാണ്. അതുകൊണ്ട് ഓരോ അമ്മയും ഈശ്വരനാണ്.
മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ലോക മാതൃദിനമായി ആഘോഷിക്കുന്നു എന്നുള്ളത് ഒരേപോലെ സന്തോഷവും ആശങ്കയും ഉണ്ടാക്കുന്നു. സന്തോഷം നൽകുന്നതിനും ആശങ്കയ്ക്കും അതിന്റേതായ കാരണങ്ങൾ ഉണ്ട്. ഓരോരുത്തരും നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിലാണ്. അവിടെയുണ്ടാകുന്ന സമയക്കുറവ് ഒരു കുറ്റമല്ല. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ അമ്മയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാനും അമ്മയെക്കുറിച്ചും മാതൃസ്നേഹത്തെക്കുറിച്ചും കൂടുതൽ അറിയുവാനും അറിയിക്കുവാനുമുള്ള ഒരു ദിനം എന്നതിൽ നമ്മുക്ക് സന്തോഷിക്കാം. എന്നാൽ ''മാതൃദേവോ ഭവ'' നിന്റെ ആദ്യത്തെ ഈശ്വരൻ അമ്മയാണെന്നതിന്റെ പ്രപഞ്ചതത്വത്തെ ഓർക്കുവാൻ ഒരു ദിവസം മാത്രം വേണ്ടി വരുന്നത് ആശങ്കയുമാണ്.
ശാസ്ത്രയുഗത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും സംസ്്കാരത്തിന്റെയും കടയ്ക്കൽ കത്തിവയ്ക്കുവാൻ തുടങ്ങിയപ്പോൾ സ്നേഹത്തിനും വാത്സല്യത്തിനും മാതൃത്വത്തിനും ചോദ്യംചെയ്യലിനെ നേരിടേണ്ടി വന്നു. ശാസ്ത്രത്തിന്റെ ഗർവ്വോടെയുള്ള ചോദ്യത്തിനുമുന്നിൽ അമ്മ മനസിന് ഉത്തരമായി സ്നേഹത്തോടെയുള്ള പെരുമാറ്റം മാത്രമായിരുന്നു ഉത്തരം. ആ ഉത്തരം തൃപ്തി വരാതെ പലതിനേയും തെറ്റിദ്ധിരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തപ്പോൾ മാതൃദിനത്തിൽ ചർച്ച ചെയ്യുവാൻ ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായി. മക്കളുടെ സ്നേഹസമ്മാനങ്ങൾ ഏതൊരു അമ്മയ്ക്കും വിലമതിക്കാനാവാത്ത സന്തോഷവും സംതൃപ്തിയുമാണ്. എന്നാൽ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന സമ്മാനങ്ങൾ വേദനയാണ്.
ഉപേക്ഷിക്കപ്പെട്ട മാതൃത്വത്തോടൊപ്പം ചേർത്തു നിറുത്തി വായിക്കേണ്ടതാണ് യുവതലമുറയിലെ വളരെ ന്യൂനപക്ഷമായ അമ്മമാരുടെ മാതൃത്വത്തിന് എന്തുപറ്റി. സ്വന്തം സുഖത്തിനുവേണ്ടി മക്കളുടെ ജീവൻ ഹോമിക്കുന്നവർ അമ്മ തന്നെയോ? ഈ മാതൃദിനത്തിൽ നമുക്ക് ഒത്തിരി ആശങ്കയോടെയാണ് ചില വാർത്തകൾ കേൾക്കേണ്ടി വന്നത്. പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച സ്വന്തം മകനെ കൺമുന്നിലിട്ട് കൊല്ലാക്കൊല ചെയ്ത കാമുകന്റെ മുന്നിൽ മാതൃത്വം സിംഹത്തെപ്പോലെ പ്രതികരിക്കുകയല്ലേ ചെയ്യേണ്ടത്, ഒരു പൂച്ച പോലും പ്രസവിച്ചുകഴിയുമ്പോൾ അതിന്റെ കുഞ്ഞിന്റെ അടുത്ത് ശത്രുതാമനോഭാവത്തോടെ ആരെങ്കിലും അടുത്താൽ ആ അമ്മ ചീറിയടുക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. എന്നാൽ ഇവിടെ അമ്മ മൂകസാക്ഷിയായി. ഒരു കുഞ്ഞിന്റെ ജന്മാവകാശമായ മുലപ്പാൽ ചോദിച്ച് കരഞ്ഞ കുഞ്ഞിനെ മർദ്ദിച്ചുകൊന്ന സ്ത്രീയെ അമ്മയുടെ ഗണത്തിൽപ്പെടുത്തുവാൻ കഴിയുമോ? കുഞ്ഞിനെ പ്രസവിച്ചിട്ട് നാണക്കേടുകൊണ്ട് ഉപേക്ഷിച്ചുകളയുന്നവരുടെ എണ്ണവും മാതൃത്വത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നു. വളരെ ചെറുതെന്നുതോന്നുന്ന ശതമാനമെങ്കിലും വരുന്ന ഈ അമ്മ മനസ്സിനെന്തുപറ്റി. മാതൃഹൃദയമെന്ന ഈശ്വരനെ മനസിൽ നിന്നും അകറ്റി നിറുത്തിയാൽ മനുഷ്യജന്മത്തിന് നിലനിൽപ്പുണ്ടാവില്ല. ഈശ്വരാംശം ഇല്ലാത്ത അമ്മയിൽ നിന്നും ഉണ്ടാവുന്ന മാനസിക അവസ്ഥയും അത്തരം അമ്മമാരിൽ നിന്ന് ജനിക്കുന്ന മക്കളുടെ മാനസിക നിലപാടുകളും ഒറ്റ ലക്ഷ്യത്തോടെ പല വഴിയിലൂടെ സഞ്ചരിക്കുന്നു. അത് മാനവരാശിയുടെ തകർച്ചയ്ക്ക് കാരണമാകും. അതിന്റെ ഉദാഹരണമാണ് ഭീകരവാദവും നശീകരണ മനോഭാവവും. ഇതിനെ ഇല്ലായ്മ ചെയ്യുവാനുള്ള ഒരേയൊരു വജ്രായുധമാണ് ധർമ്മത്തിന്റെയും നീതിയുടെയും അഹിംസയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഞ്ജസമായ സമ്മേളനമായ വിശ്വമഹാഗുരുവിന്റെ വിശ്വദർശനം.
വെള്ളാപ്പള്ളി നടേശൻ
മാനേജിംഗ് എഡിറ്റർ
(യോഗനാദം മേയ് 15 ലക്കത്തിലെ മുഖപ്രസംഗം)