ശ്രീകാര്യം: മലേഷ്യയിലെ ഷിപ്പിംഗ് കമ്പനിയിൽ പരിശീലനത്തിനുപോയി കപ്പലിൽ നിന്ന് കടലിൽ വീണ് കാണാതായ ശ്രീകാര്യം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തിയാതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഷിപ്പിംഗ് കമ്പനി അധികൃതർ തിരുവനന്തപുരം ശ്രീകാര്യം അലത്തറയിലെ യുവാവിന്റെ വീട്ടിൽ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസ്സി ഇടപെട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയിലും മലേഷ്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടർന്നിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ കടലിന് സമീപത്തെ പൊഴിയോട് ചേർന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ചക്കകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു. പരിശീലനത്തിനിടെ തിങ്കളാഴ്ചയാണ് അപകടം നടന്നത്. ശ്രീകാര്യം അലത്തറ വീട്ടിൽ ലംബോദരൻ നായരുടെയും ജയലതയുടെയും മകനാണ് ഇന്ദ്രജിത്ത്.