v

കടയ്ക്കാവൂർ: അമ്മ മരിച്ച ദുഃഖത്തിനിടയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഇരട്ടകൾക്ക് എല്ലാ വിഷയത്തിനും എ പ്ളസ്. വക്കം കുഴിയ്ക്കാണം വീട്ടിൽ ഷിബുദാസ് - ബിന്ധു ദമ്പതികളുടെ മക്കളും വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായ കിരൺ, കീർത്തി എന്നിവരാണ് മികച്ച വിജയം നേടി നാടിനഭിമാനമായത്. കാൻസർ രോഗിയായ അമ്മ ബിന്ധു ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചപ്പോൾ ഇവർക്ക് മൂന്ന് ദിവസത്തെ പരീക്ഷ കൂടി ബാക്കിയുണ്ടായിരുന്നു. തങ്ങളുടെ ജീവിത വിജയത്തിന് വേണ്ടി ഒരുപാട് കഷ്ടപെട്ടിരുന്ന അമ്മയുടെ മരണം രണ്ടു പേരെയും തളർത്തി. ഇനി പരീക്ഷ എഴുതുന്നില്ലെന്ന് കരുതിയെങ്കിലും അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശത്തിനൊടുവിലാണ് അഗാധ ദുഃഖം കടിച്ചമർത്തികൊണ്ട് രണ്ട് പേരും പരീക്ഷ എഴുതിയത്. ഇവരുടെ അച്ഛൻ ഷിബുദാസ് ഗൾഫിലാണെങ്കിലും വരുമാനം കുറഞ്ഞ ജോലിയായതിനാൽ ഭാര്യയുടെ ചികിത്സാചെലവിനും മറ്റുമായി വലിയ തുക കടമെടുത്ത് നട്ടംതിരിയുകയാണ്. ഭാര്യ മരിച്ച ദുഃഖത്തിനിടയിലും മികച്ച വിജയം കരസ്ഥമാക്കിയ മക്കളുടെ തുടർവിദ്യാഭ്യാസത്തിന് വഴികാണാതെ വലയുകയാണ് ഷിബുദാസ്.