കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 20,000 ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചതായി മുന്നണി വിലയിരുത്തൽ. യു.ഡി.എഫിന്റെ അന്തിമ കണക്കെടുപ്പിലാണ് ഈ വിവരം. കാസർകോട്, മഞ്ചേശ്വരം, തൃക്കരിപ്പൂർ മണ്ഡലങ്ങളിലും കണ്ണൂർ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളിലും ബി.ജെ.പി വോട്ടുകൾ ലഭിച്ചതായാണ് വിലയിരുത്തൽ.
ബി.ജെ.പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ ജയിക്കില്ലെന്ന് ഉറപ്പാക്കിയ പ്രവർത്തകർ സി.പി.എമ്മിനെ തോൽപ്പിക്കണമെന്നു ചിന്തിക്കുകയും വോട്ട് രാജ്മോഹൻ ഉണ്ണിത്താന് മറിക്കുകയും ചെയ്തുവെന്നാണ് മുന്നണി നേതാക്കൾ പറയുന്നത്. ബി.ജെ.പി വോട്ടുകൾ ഉണ്ണിത്താന് അനുകൂലമായി മറിഞ്ഞത് ജയം ഉറപ്പിച്ചിരുന്ന എൽ.ഡി.എഫ് ക്യാമ്പുകളെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും വിലയിരുത്തുന്നു.
5000 വോട്ടുകൾക്ക് ജയിച്ചു കയറുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും മറിഞ്ഞുവന്ന ബി.ജെ.പി വോട്ടുകളുടെ ബലത്തിലാണത്രെ. മുസ്ലീംവോട്ടുകളുടെ ഏകീകരണമാണ് യു.ഡി.എഫിന്റെ മറ്റൊരു വലിയ പ്രതീക്ഷ. കഴിഞ്ഞദിവസം നടന്ന കെ.പി.സി.സി യോഗത്തിലും കാസർകോട് യു.ഡി.എഫ് വിജയിക്കുമെന്ന് വിലയിരുത്തിയിരുന്നു.
72,000 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രൻ വിജയിക്കുമെന്ന് വോട്ടെടുപ്പിന്‌ശേഷം വിലയിരുത്തൽ നടത്തിയ എൽ.ഡി.എഫ് ഇപ്പോൾ 30,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ കിട്ടുകയുള്ളൂ എന്ന് പറയുന്നത് ഈ രണ്ടു ഘടകങ്ങളും പരിഗണിച്ചാണെന്നും സൂചനയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രന് ലഭിച്ച വോട്ടുകൾ മുഴുവൻ ഇത്തവണ രവീശ തന്ത്രി കുണ്ടാറിന് ലഭിക്കില്ലെന്ന് പാർട്ടി നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും അറിയുന്നു. കെ. സുരേന്ദ്രൻ നേടിയത് ഒന്നേമുക്കാൽ ലക്ഷംവോട്ടുകളാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മണ്ഡലത്തിൽ രണ്ടു ലക്ഷം വോട്ട് ലഭിച്ചിരുന്നു.