നിർദ്ധനരും അശരണരരുമായ പാവപ്പെട്ട കാൻസർ രോഗികളാണ് സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും. കാൻസർ ചികിത്സയ്ക്ക് വളരെയധികം സഹായകരമായ ആധുനികയന്ത്രമാണ് സി.ടി സിമുലേറ്റർ. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തിനുവേണ്ടി പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കി രണ്ടു വർഷത്തിനുമുമ്പ് വാങ്ങിയ സി.ടി സിമുലേറ്ററിന്റെ കച്ചവടത്തിലും പ്രവർത്തിപ്പിക്കലിലും നടന്ന വ്യാപകമായ ക്രമക്കേടും ഗൂഢാലോചനയും അഴിമതിയും തുറന്നുകാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളും മുഖപ്രസംഗവുമാണ് ഈ കത്തിനാധാരം.
ഒരു ദിനപത്രത്തിന് സമൂഹത്തോടുള്ള പ്രതിബദ്ധത തുറന്നുകാട്ടുന്നതാണീ വാർത്താ പ്രസിദ്ധീകരണം. കേരളകൗമുദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രത്യേകിച്ചും അത് പ്രവർത്തിപ്പിക്കാൻ വഴിതെളിക്കും വിധം റിപ്പോർട്ടുകൾ നൽകിയതിൽ.
3,78,54,750 രൂപ വിലയുള്ള മെഷീന്റെ വിലയുടെ 90 ശതമാനവും രണ്ടുവർഷം മുമ്പു തന്നെ കമ്പനിക്ക് കൈമാറിക്കഴിഞ്ഞത്രെ! നാളിതുവരെ ഒരു കാൻസർ രോഗിക്കു പോലും ഈ യന്ത്രം ഉപയോഗപ്പെട്ടിട്ടില്ല. ഈ മെഷീൻ പ്രവർത്തിപ്പിക്കാനാവശ്യമായ AERB ലൈസൻസ് എടുക്കാനുള്ള നടപടികൾ യഥാസമയം സ്വീകരിച്ചിട്ടില്ല. വിലയുടെ രണ്ടാംഗഡുവായ 94,63000 രൂപ വ്യാജ ഇൻസ്റ്റലേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കു നൽകിയത്. നാളിതുവരെ പൂർണമായി സ്ഥാപിച്ചു പ്രവർത്തനസജ്ജമാക്കാത്ത ഈ മെഷീൻ രോഗികൾക്കുപയോഗിക്കാവുന്ന രീതിയിൽ പൂർണമായി സ്ഥാപിച്ച് പരിശോധനകൾ നടത്തി പ്രവർത്തനസജ്ജമാക്കിക്കഴിഞ്ഞു എന്നു കാണിച്ച് കാൻസർ ചികിത്സാ വിഭാഗം മേധാവി 30/6/17ന് റിപ്പോർട്ട് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഗഡു നൽകുകയുമായിരുന്നത്രെ ! പിന്നീട് ഒന്നര വർഷങ്ങൾക്കുശേഷം ഇതേവകുപ്പ് മേധാവി തന്നെ മെഷീൻ പൂർണമായും സ്ഥാപിച്ചിട്ടില്ലെന്ന് അധികൃതർക്ക് റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? വ്യാജ റിപ്പോർട്ട് നൽകി സ്വകാര്യ കമ്പനിക്ക് പണം നൽകിച്ച് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ വകുപ്പ് മേധാവിക്കെതിരെ യാതൊരു നടപടിയുമില്ലെ? ഇതെല്ലാം തന്നെ അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നത്.
അധികൃതരുടെ സ്ഥാപിത താത്പര്യങ്ങളും നിരുത്തരവാദപരമായ നിലപാടും മൂലമല്ലേ യഥാർത്ഥത്തിൽ പണം ഫിലിപ്സ് കമ്പനിക്കു ലഭിച്ചത്. നിരാലംബരായ പാവപ്പെട്ട കാൻസർ രോഗികളെ മറയാക്കിക്കൊണ്ടുള്ള ഇത്തരം അഴിമതി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാൻ പാടില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട അഴിമതിക്കാരെ വെളിച്ചത്തുകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിനും അതുവഴി ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കണം.
കെ. സുധാകരൻ ,
ആലപ്പുഴ