ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 59 സീറ്റുകളിൽ മാത്രമാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. അതിൽ ബംഗാളിലാകട്ടെ വെറും 9 മണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ്. കഴിഞ്ഞ ദിവസം മുതൽ ബംഗാളിൽ കൊടുമ്പിരിക്കൊണ്ട പ്രചാരണവും അനിഷ്‌ട സംഭവങ്ങളും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ടാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, ബംഗാളിൽ ഇന്നലെ രാത്രി 10 മണിയോടെ പ്രചാരണം അവസാനിപ്പിക്കാൻ ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ബി.ജെ.പി- തൃണമൂൽ ആക്രമങ്ങൾ തുടരുന്നതിനാലാണ് കമ്മിഷൻ ഈ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചത്.
അതേസമയം, പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചെങ്കിലും അത് രാത്രി പത്തുമണിവരെയാക്കിയത് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലികളെ ഉദ്ദേശിച്ചാണെന്ന് ഇതിനകം വിമർശനം ഉയർന്നുകഴിഞ്ഞു. തൃണമൂൽ നേതാക്കളാണ് ഈ വിമർശനങ്ങൾക്ക് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് റാലികളാണ് ഇന്നലെ വൈകിട്ട് ബംഗാളിൽ നടന്നത്. വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങവേ ബംഗാളിൽ ബി.ജെ.പി- തൃണമൂൽ പോര് രൂക്ഷമാവുകയാണ്. മോദിയും ദീദിയും നേർക്കുനേർ വാക്പോരിലാണ്.
ഡംഡം, ബരാസത്, ബസീർഹട്ട്, ജയ് നഗർ, മതുരാപൂർ, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, കൊൽക്കത്ത സൗത്ത്, കൊൽക്കത്ത നോർത്ത് മണ്ഡലങ്ങളിലാണ് ഞായറാഴ്‌ച വോട്ടെടുപ്പ് നടക്കുക. ത്രിണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ് ഈ 9 സീറ്റുകളും. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകൾ നേടിയത് തൃണമൂലായിരുന്നു.
ഇതിൽ ജാദവ്പൂരും സൗത്ത് കൊൽക്കത്തയും ഏറെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ടെന്നാൽ തൃണമൂലിന്റെ ഉരുക്കു വനിതയായ മമതാ ബാനർജിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. മമതയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിജയ പരമ്പര അരങ്ങേറിയത് ജാദവ്പൂരിൽ നിന്നുമാണ്. 1984ൽ മുൻ ലോക്‌സഭാ സ്‌പീക്കറായ സോമനാഥ് ചാറ്റർജിയെ മമത തോൽപ്പിച്ചത് ജാദവ്‌പൂരിൽ നിന്നാണ്. പിന്നീട് സൗത്ത് കൊൽക്കത്ത മണ്ഡലം തിരഞ്ഞെടുത്ത മമത അവിടെ നിന്നും ആറു തവണയാണ് പാർലമെന്റിലെത്തിയത്. മറ്റൊരു പ്രധാനപ്പെട്ട മണ്ഡലമാണ് ഡയമണ്ട് ഹാർബർ. അവിടെ മമതയുടെ സഹോദര പുത്രനാണ് സിറ്റിംഗ് എം.പിയും ഇത്തവണത്തെ തൃണമൂൽ സ്ഥാനാർത്ഥിയും.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഒമ്പത് സീറ്റുകളിൽ രണ്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കൊൽക്കത്ത നോർത്തിലും കൊൽക്കത്ത സൗത്തിലും. കഴിഞ്ഞ തവണ കൊൽക്കത്ത സൗത്തിൽ തങ്ങളുടെ വോട്ടു വിഹിതത്തിൽ 20.24 ശതമാനമാണ് തൃണമൂലിന് നഷ്ടമായത്. ഇത് ബി.ജെ.പിയ്ക്ക് ഗുണം ചെയ്യുകയും അവർക്ക് ലഭിച്ച വോട്ടിന്റെ ശതമാനം മുമ്പ് ലഭിച്ചതിൽ നിന്നും ഉയരുകയും ചെയ്‌തു. കൊൽക്കത്ത നോർത്തിൽ വിജയം തൃണമൂൽ കോൺഗ്രസിനൊപ്പം ആയിരുന്നെങ്കിലും ലഭിച്ച വോട്ട് 35.94 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞു. അതേസമയം ബി.ജെ.പിയ്ക്കാകട്ടെ അത് 25.88 ശതമാനമായി ഉയരുകയും ചെയ്‌തു. ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയാണ് ഇപ്രാവശ്യം കൊൽക്കത്ത നോർത്തിൽ നിന്നും തൃണമൂലിനെതിരെ മത്സരിക്കുന്നത്. ഡംഡം സീറ്റ് മുമ്പ് ബി.ജെ.പി നേടിയിട്ടുണ്ട്. മുസ്‌ലീം വോട്ടുകൾ നിർണായകമായ ഇന്തോ - ബംഗ്ലാദേശ് അതിർത്തി പ്രദേശമായ ബസീർഹട്ടിൽ കന്നുകാലി കടത്തലും അനധികൃത കുടിയേറ്റവുമൊക്കെയാണ് ബി.ജെ.പി ആയുധമാക്കിയിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ കോട്ടയായ പ്രദേശങ്ങളിൽ ശക്തരായ നേതാക്കളെയാണ് ബി.ജെ.പി അവസാന ഘട്ടത്തിൽ പ്രചാരണത്തിന് ഇറക്കിയത്. ഡംഡം, ബസീർഹട്ട്, മതുരാപൂർ, ഡയമണ്ട് ഹാർബർ എന്നിവിടങ്ങളിലെ റാലിയ്ക്ക് ശക്തി പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ ബരാസത്, ജയ്‌നഗർ, കൊൽക്കത്ത നോർത്ത് എന്നിവിടങ്ങളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് റാലികളെ അഭിസംബോധന ചെയ്‌തത്. ശക്തമായ പ്രചാരണമാണ് ഈ മണ്ഡലങ്ങളിൽ നടന്നത്.