01

കുളത്തൂർ: പാർവതി പുത്തനാറിന്റെ തീരത്ത് കഞ്ചാവ് നട്ടുവളർത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഏറ്റവും വലിയ ചെടിക്ക് 2 മീറ്റർ പൊക്കമുണ്ട്. ബാക്കിയുള്ളവയ്‌ക്ക് 30 സെന്റി മീറ്റർ, 25 സെ.മീ, 28 സെ.മീ,​ 19 സെ.മീ എന്നിങ്ങനെയാണ് ഉയരം. കണ്ടെത്തിയ ചെടികൾ നശിപ്പിച്ചു. പുത്തനാറിന് സമീപത്തെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്റെ കോമ്പൗണ്ട് മതിൽ അവസാനിക്കുന്നിടത്ത് മറ്റ് പാഴ്ചെടികൾക്കിടയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. കഞ്ചാവ് വില്പനയും ഉപയോഗവും വർദ്ധിക്കുന്നെന്ന പരാതിയെ തുടർന്ന് മേഖലയിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കഴക്കൂട്ടം എക്‌സൈസ് റേഞ്ചിന്റെ കീഴിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പോത്തൻകോട് മോഹനപുരത്ത് വീട്ടിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റുചെ‌യ്‌തിരുന്നു. കഴക്കൂട്ടം എക്സൈസ് കേസെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ പ്രതാപ് റാവു, അഡിഷണൽ എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, എകസൈസ് പ്രിവന്റീവ് ഓഫീസർമാരായ തോമസ് സേവ്യർ ഗോമസ്, ഹരികുമാർ, രാകേഷ്, സി.ഇ.ഒമാരായ ജസീം, സുബിൻ, ഷംനാദ്, അനീഷ്, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്.