ചെന്നൈ: ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് അച്ഛനെതിരെ മകൾ ചൈൽഡ്‌ലൈനിൽ പരാതി നൽകി. ചെന്നൈയിലാണ് സംഭവം. പ്ലസ് ടുവിന് ശേഷം ജേർണലിസം ആൻഡ് ലോ പഠിക്കണമെന്നതായിരുന്നു പെൺകുട്ടിയുടെ ആഗ്രഹം. ഇതിനെ എതിർത്ത പിതാവ് കെമിസ്ട്രി ബി.എസ്.സിക്ക് പഠിക്കാൻ നിർബന്ധിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. കെമിസ്ട്രി പഠിക്കാൻ താല്‍പര്യം ഇല്ല എന്ന് പറഞ്ഞതിനാൽ മാർക്ക് ഷീറ്റുകളും ഒർജിനൽ സർട്ടിഫിക്കറ്റുകളും ഒളിച്ചുവച്ചെന്നും പെൺകുട്ടി പറയുന്നു. 65 ശതമാനം മാർക്കോടെയാണ് പെൺകുട്ടി പ്ലസ് ടു ജയിച്ചത്.

മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ഇല്ലാത്തിനാൽ താല്‍പര്യമുള്ള കോഴ്‌സിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ചൈൽഡ്‌ ലൈനിൽ വിളിച്ചു പരാതിപ്പെട്ടത്. ചൈൽഡ് ലൈൻ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് അച്ഛനെ വിളിച്ചുവരുത്തി. ചോദ്യംചെയ്തപ്പോൾ എല്ലാം സത്യമാണെന്ന് അറിയിച്ചു. മകളുടെ ഭാവിയോർത്താണ് അങ്ങനെ ചെയ്തതെന്നാണ് അച്ഛൻ പറയുന്നത്.

മകളുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും തിരിച്ചു കൊടുക്കാമെന്നും അവളുടെ ഇഷ്ടത്തിന് പഠിക്കാൻ അനുവദിക്കാമെന്നും അച്ഛൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സമയം കഴിഞ്ഞതിനാൽ പെൺകുട്ടിക്ക് ഇനി അപേക്ഷ അയക്കാനാവുമോ എന്ന് വ്യക്തമല്ല.