ഔറംഗബാദ്: പരീക്ഷയിൽ ഞാൻ എട്ടുനിലയിൽ പൊട്ടാൻ കാരണം കാമുകിയാണ്. അവൾക്കെതിരെ കേസെടുത്തേ പറ്റൂ.മാത്രമല്ല നഷ്ടപരിഹാരവും വേണം. ഒൗറംഗാബാദ് സ്വദേശിയായ ഒന്നാംവർഷ ഹോമിയോപ്പതി വിദ്യാർത്ഥിയാണ് കാമുകിക്കെതിരെ കേസെടുക്കണമെന്നാവശ്യവുമായി രംഗത്തെത്തിയത്. . പഠിക്കാൻ മിടുക്കനായിരുന്ന താൻ കാമുകി നിരന്തരം ശല്യപ്പെടുത്തിയതുകൊണ്ടാണ് തോറ്റുപോതെന്നും അതിന് പകരമായി പരീക്ഷാഫീസ് കാമുകി അടയ്ക്കണമെന്നുമായിരുന്നു യുവാവിന്റെ വിചിത്രമായ ആവശ്യം. ഇതിനെ നഷ്ടപരിഹാരമായി കണക്കാക്കുമെന്നും അയാൾ പറയുന്നു. പക്ഷേ, കാമുകന്റെ ആവശ്യം പെൺകുട്ടി നിരാകരിക്കുകയും ബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. പരീക്ഷയിൽ തോറ്റതിനാൽ നാലുവർഷത്തെ കോഴ്സ് ആദ്യവർഷം തന്നെ നിറുത്തേണ്ട അവസ്ഥയിലാണ് തനെന്നാണ് യുവാവ് പറയുന്നത്. ബന്ധം അവസാനിപ്പിച്ചതോടെ കാമുകിക്കെതിരെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. പെൺകുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രധാന ഭീഷണി. പെൺകുട്ടിയുടെ ചിത്രങ്ങൾ ഇതിനായി ഉപയോഗിക്കുമെന്നും അയാൾ ഭീഷണിമുഴക്കി. ഇതോടെ പെൺകുട്ടി വീട്ടുകാരുടെ കാര്യങ്ങൾ അറിയിക്കുകയും അവരുടെ സഹായത്തോടെ കേസ് നൽകുകയും ചെയ്തു. പൊലീസ് യുവാവിനെതിരെ കേസെടുത്തു.