തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മൂന്ന് എൻജിനിയറിംഗ് കോളജുകളിൽ റോബോട്ടിക് എൻജിനിയറിംഗ് കോഴ്‌സ് ആരംഭിക്കുന്നു. രണ്ടിടത്ത് ബി.ടെക് കോഴ്‌സും ഒരിടത്ത് എം.ടെക് കോഴ്‌സുമാണ് ആരംഭിക്കുന്നത്. ഇവ ഉൾപ്പെടെ നാല് സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്‌സുകൾക്ക് എൻ.ഒ.സി. അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കോട്ടയം സെയിന്റ്ഗിറ്റ്സ് കോളജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് റോബോട്ടിക്‌സ് ആൻഡ് ഓട്ടാമേഷൻ (60 സീറ്റ്), എം.സി.എ ഡ്യുവൽ ഡിഗ്രി (ഇന്റഗ്രേറ്റഡ് 60 സീറ്റ്), കൊച്ചി ടോക്ക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബി.ടെക് റോബോട്ടിക്‌സ് ആൻഡ് ഓട്ടാമേഷൻ (60 സീറ്റ്), തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളേജിൽ എം.ടെക് റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ (60സീറ്റ്), കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് ഫുഡ് ടെക്‌നോളജി (60 സീറ്റ്) എന്നിവിടങ്ങളിലാണ് പുതിയ കോഴ്‌സുകൾ. തിരുവനന്തപുരം കോളജ് ഒഫ് ആർക്കിടെക്ചറിൽ ബി.ഡിസൈൻ (60 സീറ്റ്) കോഴ്‌സിനും എൻ.ഒ.സി നൽകിയിട്ടുണ്ട്. എ.ഐ.സി.ടി.ഇയുടെ അനുമതി കോഴ്‌സുകൾക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. സാങ്കതിക സർവകലാശാല അഫിലിയേഷൻ നൽകുന്നതോടെ അടുത്ത അദ്ധ്യയന വർഷത്തിൽ കോഴ്‌സുകൾ ആരംഭിക്കാനാകും.